മാഹി: മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന കലാ-സാംസ്‌കാരികകേന്ദ്രമായ മയ്യഴിപ്പുഴയുടെ തീരത്തെ മലയാളകലാഗ്രാമത്തില്‍ കഥയുടെ കുലപതി ടി. പത്മനാഭന്റെ വെങ്കലശില്‍പം സ്ഥാപിച്ചു. മദിരാശിയിലെ പ്രമുഖവ്യവസായിയും മലയാളകലാഗ്രാമം മാനേജിങ്ങ് ട്രസ്റ്റിയുമായ എ. പി കുഞ്ഞിക്കണ്ണന്റെ താല്‍പര്യപ്രകാരം പ്രശസ്ത ശില്‍പി മനോജ് കുമാറാണ് അര്‍ദ്ധകായ വെങ്കലശില്‍പമൊരുക്കിയത്. 96 കാരനായ എ. പി.ക്കും 94 കാരനായ ടി. പത്മനാഭനുമിടയില്‍ ഏഴ് പതിറ്റാണ്ട് നീളുന്ന ആത്മസൗഹൃദമുണ്ട്. മലയാളകലാഗ്രാമത്തെ യാഥാര്‍ഥ്യമാക്കിയ സാംസ്‌കാരിക സൗഹൃദത്തിന്റെ ഭാഗമായ ടി. പത്മനാഭന് ആദരസമര്‍പ്പണമായാണ് ശില്‍പം അനാച്ഛാദനം ചെയ്തത്. ഡോ. ശശി തരൂര്‍ എം. പി പ്രതിമ മലയാളകലാഗ്രാമത്തില്‍ അനാച്ഛാദനം ചെയ്തു.
ടി.പത്മനാഭന്റെ മഹനീയസാന്നിദ്ധ്യത്തിലാണ് ശില്‍പത്തിന്റെ അനാച്ഛാദനം നിര്‍വ്വഹിച്ചത്. മലയാള ചെറുകഥയില്‍ ടി. പത്മനാഭന്‍ അക്ഷരങ്ങളിലൂടെ അനശ്വരമാക്കിയ കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളും ആദരസമര്‍പ്പണത്തിന്റെ ഭാഗമായി പ്രമുഖരായ 20 ചിത്രരചയിതാക്കള്‍ വരകളിലൂടെയും വര്‍ണ്ണങ്ങളിലൂടെയും പുനരാവിഷ്‌കരിക്കുന്ന ചിത്രാഞ്ജലി ഏകദിന ചിത്രകലാക്യാമ്പ് നടന്നു. ചിത്രകലാക്യാമ്പിലെ രചനകളുടെ പ്രദര്‍ശനം മലയാളകലാഗ്രാമത്തിലെ എം. വി. ദേവന്‍ ആര്‍ട് ഗ്യാലറിയില്‍ ടി. പത്മനാഭനും മലയാളകലാഗ്രാമം മാനേജിങ് ട്രസ്റ്റി എ.പി കുഞ്ഞിക്കണ്ണനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
ആദരസമ്മേളനം ഡോ.എ.പി ശ്രീധരന്റെ അധ്യക്ഷതയില്‍ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ഡോ.ശശി തരൂര്‍ എം.പി, എം.കെ രാഘവന്‍ എം.പി എന്നിവര്‍ മുഖ്യാതിഥികളായി. ‘ടി. പത്മനാഭന്‍ കഥയും ജീവിതവും’ എന്ന വിഷയത്തില്‍ നാരായണന്‍ കാവുമ്പായി പ്രഭാഷണം നടത്തി. മാനേജിങ്ങ് ട്രസ്റ്റി എ. പി. കുഞ്ഞിക്കണ്ണന്‍, ടി. പത്മനാഭന്‍, കെ. എ. ജോണി, അര്‍ജ്ജുന്‍ പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. ശില്‍പി മനോജ് കുമാറിനെ ആദരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ ഡോ. എ.പി ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഡോ. മഹേഷ് മംഗലാട്ട് സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ചാലക്കര പുരുഷു നന്ദിയും പറഞ്ഞു.