കതിരൂര്‍: പ്രശസ്ത സാഹിത്യകാരിയും ചിത്രകാരിയുമായ പി.കെ ഭാഗ്യലക്ഷ്മിയുടെ അഞ്ചാമത് ഏകാംഗ ചിത്രകലാ പ്രദര്‍ശനം കതിരൂര്‍ ഗ്രാമ പഞ്ചായത്ത് ആര്‍ട്ട് ഗാലറിയില്‍ പ്രശസ്ത കഥാകൃത്ത് വി.എസ് അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനില പി. രാജിന്റ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍ട്ടിസ്റ്റ് എ.സത്യനാഥ്, ശിവകൃഷ്ണന്‍ കെ.എം സംസാരിച്ചു. 2017 മുതല്‍ ചെയ്തു തുടങ്ങിയ ചിത്ര സപര്യയില്‍ നിന്ന് 51 സൃഷ്ടികളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. പ്രകൃതിസ്മരണയില് ഉള്‍ച്ചേര്‍ന്ന വര്‍ണാഭമായ അമൂര്‍ത്ത രചനകളാണെങ്കിലും കാഴ്ചയുടെ സൗന്ദര്യം കാണികളിലേക്ക് ആവോളം എത്തിക്കുന്ന രചനകള്‍ കൊണ്ട് ശ്രദ്ധേയമാണ് പ്രദര്‍ശനം. സാഹിത്യത്തിന്റെ വിവിധ മേഖലകളിലായി 25 ഗ്രന്ഥങ്ങളുടെ ഉടമയായ ഭാഗ്യലക്ഷ്മി 16 പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. പ്രദര്‍ശനം 26 വരെ തുടരും.