തിരുവനന്തപുരം: ഏത് ഉന്നതനാണെങ്കിലും സംസ്ഥാന കോണ്‍ഗ്രസ്സില്‍ വിഭാഗീയ, സമാന്തര പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എല്ലാവരുമായും ആലോചിച്ചാണ് സംഘടനാ തീരുമാനങ്ങള്‍ കെ.പി.സി.സി അധ്യക്ഷന്‍ സ്വീകരിക്കുന്നത്. അതു മറികടക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് സതീശന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് എന്ന പാര്‍ട്ടി എല്ലാവരെയും ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. അതിന് തുരങ്കംവയ്ക്കാന്‍ ആരെയും അനുവദിക്കില്ല എന്നും സതീശന്‍ പറഞ്ഞു.
ശശി തരൂരിന്റെ പാണക്കാട്ടേക്കുള്ള സന്ദര്‍ശന വിവാദത്തില്‍ മറുപടി പറയേണ്ടത് താനല്ലെന്നും അത് കെ.പി.സി.സി പ്രസിഡന്റാണ് പറയേണ്ടതെന്നും വി.ഡി സതീശന്‍ പറഞ്ഞു. പാര്‍ട്ടിക്കൊരു സംവിധാനമുണ്ട്. എല്ലാവരും കയറി അഭിപ്രായങ്ങള്‍ പറയേണ്ടതില്ല. അത് ഞങ്ങള്‍ ഒന്നിച്ചെടുത്ത തീരുമാനമാണ് എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
നിരവധി ഗ്രൂപ്പുകളുള്ള കോണ്‍ഗ്രസ്സില്‍ ഇനിയൊരു ഗ്രൂപ്പുണ്ടാക്കുക എന്നതല്ല തന്റെ ലക്ഷ്യമെന്ന് ശശി തരൂര്‍ എം.പി. അതിന് താല്‍പര്യവുമില്ല. എ, ഐ ഗ്രൂപ്പുകളുള്ള കോണ്‍ഗ്രസ്സില്‍ ഇനി ഒരു അക്ഷരം വേണമെങ്കില്‍ അത് യു ആണ്. യു എന്നത് യുണൈറ്റഡ് കോണ്‍ഗ്രസ് ആണ്. പാര്‍ട്ടിയെ ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാനാണ് താന്‍ ശ്രമിക്കുന്നത്. ഒരു വിഭാഗീയ പ്രവര്‍ത്തനത്തിനും താനില്ലെന്നും തരൂര്‍ പറഞ്ഞു.