കോഴിക്കോട്: ഓള്‍ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്റ് സ്‌ക്രൈബേഴ്‌സ് അസോസിയേഷന്‍ ജില്ലാകണ്‍വെന്‍ഷന്‍ 24ന് വ്യാഴം രാവിലെ 10 മണിക്ക് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം.കെ അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് കെ.ജി ഇന്ദു കലാധരന്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.അന്‍സാര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും. സംസ്ഥാന നേതാക്കളായ സി.പി അശോകന്‍, പി.എം തങ്കച്ചന്‍, ഇ. രാജഗോപാലന്‍, കെ.പി ഉഷ എന്നിവര്‍ ആശംസകള്‍ നേരും. ജില്ലാ സെക്രട്ടറി കെ.പി നസീര്‍ സ്വാഗതവും ജില്ലാ വൈസ്പ്രസിഡന്റ് ഇ. സുരേന്ദ്രന്‍ നന്ദിയും പറയും. രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്വകാര്യവല്‍ക്കരിച്ചുക്കൊണ്ട് കോടികള്‍ കീശയിലാക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് അനുവാദം നല്‍കുന്ന സമീപനമാണ് സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തിന് 1300 കോടിയിലധികം രൂപ വരുമാനം സമാഹരിക്കുന്ന ആധാരം എഴുത്തുകാരേയും ഡിപ്പാര്‍ട്ടമെന്റ് ഉദ്യോഗസ്ഥരേയും സമൂഹത്തില്‍ അപമാനിക്കാനും കരിവാരിതേക്കുവാനുമുള്ള നീക്കത്തെ തിരിച്ചറിയണമെന്നും ഓപ്പറേഷന്‍ പഞ്ചകിരണ്‍ എന്ന പേരില്‍ വിജിലന്‍സിനെക്കൊണ്ട് സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ നടത്തിയ റെയ്ഡ് ചില രജിസ്‌ട്രേഷന്‍ വകുപ്പ് മേലുദ്യോഗസ്ഥരുടെ നാടകമാണെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാപ്രസിഡന്റ് എം.കെ അനില്‍കുമാര്‍, സെക്രട്ടറി കെ.പി നസീര്‍ അഹമ്മദ്, ട്രഷറര്‍ വി.കെ സുരേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.