ദോഹ: ലോകകപ്പിലെ ആദ്യമത്സരത്തില്‍ ഇറങ്ങിയ അര്‍ജന്റീനയെ ആദ്യ പകുതിയില്‍ ലയണല്‍ മെസ്സി മുന്‍പിലെത്തിച്ചു. പെനാല്‍റ്റിയിലൂടെ ലുസൈല്‍ സ്റ്റേഡിയത്തില്‍ പത്താം മിനുറ്റിലാണ് മെസി നീലപ്പടയെ മുന്നിലെത്തിച്ചത്. മത്സരത്തിന്റെ തുടക്കം മുതല്‍ അര്‍ജന്റീന മുഖം ആക്രമണത്തിന്റേതായിരുന്നു. നിരവധി നീക്കങ്ങളിലൂടെ സൗദി ഗോള്‍മുഖത്ത് ആക്രമണം അഴിച്ചുവിട്ടു മെസ്സിയും സംഘവും. മൂന്ന് തവണ അര്‍ജന്റീനന്‍ താരങ്ങള്‍ വല ചലിപ്പിച്ചെങ്കിലും റഫറി ഓഫ്സൈഡ് പിടികൂടിയത് തിരിച്ചടിയായി.
ഒന്‍പതാം മിനുറ്റില്‍ ഫ്രീ കിക്ക് ലഭിച്ച അര്‍ജന്റീനക്ക് കിക്കിനിടെ അര്‍ജന്റീനയുടെ പരേഡസിനെ അല്‍ ബുലാഹി ബോക്സില്‍ വീഴ്ത്തിയപ്പോള്‍ വാര്‍ പരിശോധനയിലേക്ക് നീണ്ടു റഫറിയുടെ നടപടി. വാര്‍ പരിശോധനയ്ക്ക് ശേഷം റഫറി ബോക്സിലേക്ക് വിരല്‍ ചൂണ്ടിയപ്പോള്‍ അര്‍ജന്റീന മുന്‍പിലെത്തി. സൗദി ഗോളി അല്‍ ഒവൈസിനെ നിഷ്പ്രഭനാക്കി മെസി നിസ്സാരമായി പന്ത് വലയിലിട്ടു.
22-ാം മിനുറ്റില്‍ ലിയോ രണ്ടാം ഗോള്‍ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. ലീഡ് രണ്ടായി ഉയര്‍ത്താനുള്ള അവസരം 28ാം മിനുറ്റിലും അര്‍ജന്റീനക്ക് ലഭിച്ചെങ്കിലും കളഞ്ഞുകുളിച്ചു. ലൗറ്റാരോ മാര്‍ട്ടിനസിന്റെ ഗോളും ഓഫ്സൈഡിന് വഴിമാറി. 35ാം മിനുറ്റില്‍ മാര്‍ട്ടിസിന്റെറ മറ്റൊരു ഓട്ടപ്പാച്ചില്‍ വീണ്ടും ഓഫ്സൈഡിന് വഴിമാറി. അല്ലായിരുന്നെങ്കില്‍ ആദ്യപകുതിയില്‍ തന്നെ നാല് ഗോളിന് അര്‍ജന്റീന മുന്നിലെത്തുമായിരുന്നു.