മാഹി: മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്റെ സ്വപ്‌ന സാഫല്യമായി നിര്‍മിക്കപ്പെട്ട മലയാള കലാഗ്രാമത്തില്‍ തന്റെ ആത്മമിത്രമായ കഥയുടെ പെരുന്തച്ഛനായ ടി.പത്മനാഭന്റെ വെങ്കല പ്രതിമ ശശി തരൂര്‍ എം.പി അനാച്ഛാദനം ചെയ്തപ്പോള്‍ കലാഗ്രാമം മാനേജിങ്ങ് ട്രസ്റ്റി എ.പി കുഞ്ഞിക്കണ്ണന്‍ ആത്മനിര്‍വൃതിയിലാണ്. പത്മനാഭന്റ ഒരായുസ്സോളം നീളുന്ന ആത്മ സൗഹൃദത്തിന്റെ പ്രിയതോഴനായ എ.പി കുഞ്ഞിക്കണ്ണന്‍ സമര്‍പ്പിക്കുന്ന പ്രതിമ മനസ്സ് കൊണ്ട് ഏറ്റുവാങ്ങുമ്പോള്‍ ഇരുവരുടേയും കണ്ണുകള്‍ നിറഞ്ഞു. യാദൃശ്ചികതയും, നിയോഗവും ഒരു പോലെ സന്നിവേശിച്ചപ്പോഴാണ് പത്മനാഭന്റെ പ്രതിമ കലാഗ്രാമത്തിന്റെ പ്രവേശന വഴിയിലെ ചെറുകുന്നില്‍ ഇടം പിടിച്ചത്. മലയാളം കണ്ട അത്യപൂര്‍വം ധീഷണാശാലിയായ എം.ഗോവിന്ദന്റെ കളരിയില്‍ പയറ്റിതെളിഞ്ഞവരാണ് പത്മനാഭനും, എ.പി.യും.
പ്രശസ്ത ജലച്ഛായ ചിത്രകാരന്‍ പ്രശാന്ത് ഒളവിലം എ.പി കുഞ്ഞിക്കണ്ണന്റേയും ടി.പി പത്മനാഭന്റേയും ചിത്രം വരച്ചപ്പോള്‍
എ.പി.യുടെ വിടവാങ്ങല്‍ പ്രസംഗം
കലാഗ്രാമം നിറഞ്ഞൊഴുകിയ സദസ്സിനെ സാക്ഷിയാക്കി 96 കാരനായ മാനേജിങ്ങ് ട്രസ്റ്റി എ.പി.കുഞ്ഞിക്കണ്ണന്‍, തല്‍സ്ഥാനത്ത് നിന്നുള്ള വിടവാങ്ങല്‍ പ്രസംഗം പോലെ പറഞ്ഞതിങ്ങിനെ: ഞാന്‍ പൂര്‍ണ്ണ സംതൃപ്തനാണ്. പരാതികളില്ല. പരിഭവങ്ങളുമില്ല. പ്രായാധിക്യം മൂലം മാനേജിങ്ങ് ട്രസ്റ്റി എന്ന നിലയില്‍ ഇനിയും ഉത്തരവാദിത്വങ്ങളേറ്റെടുത്ത് മുന്നോട്ട് പോകാനുള്ള സാഹചര്യമില്ല. ജനപിന്തുണയോടെ മലയാള കലാഗ്രാമത്തെ മുന്നോട്ട് നയിക്കാന്‍ എന്റെ കൂടപ്പിറപ്പുകളെ ഞാന്‍ ഈ സ്ഥാപനം ഏല്‍പ്പിക്കുകയാണ്. എ.പി.ക്ക് വേണ്ടി അനുജന്‍ എ.പി.വിജയനാണ് എഴുതി തയ്യാറാക്കിയ ഈ കുറിപ്പ് വായിച്ചത്.എട്ട് പതിറ്റാണ്ട് കാലമായി ചെന്നൈയിലാണ് എ.പി.കുഞ്ഞിക്കണ്ണന്‍ താമസിക്കുന്നത്.