സംസ്ഥാന സ്‌കൂൾ കലോത്സവ വിജയികൾക്കുള്ള സമ്മാനത്തുക വർധിപ്പിക്കുന്ന കാര്യം പരിഗണയിൽ മന്ത്രി വി.ശിവൻകുട്ടി

സംസ്ഥാന സ്‌കൂൾ കലോത്സവ വിജയികൾക്കുള്ള സമ്മാനത്തുക വർധിപ്പിക്കുന്ന കാര്യം പരിഗണയിൽ മന്ത്രി വി.ശിവൻകുട്ടി

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം ചേർന്നു

കോഴിക്കോട്:അടുത്ത വർഷം മുതൽ സംസ്ഥാന സ്‌കൂൾ കലോത്സവ വിജയികൾക്കുള്ള സമ്മാനത്തുക വർധിപ്പിക്കുന്ന കാര്യം സജീവ പരിഗണയിലാണെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം ടാഗോർ സെന്റിനറി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
2023 ജനുവരി 3 മുതൽ 7 വരെയുള്ള ദിവസങ്ങളിൽ കോഴിക്കോട് സംഘടിപ്പിക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തെ കോഴിക്കോട്ടുക്കാർ ഏറ്റെടുത്തു കഴിഞ്ഞു. കലോത്സവം കുറ്റമറ്റ രീതിയിൽ ജനാധിപത്യപരമായി സംഘടിപ്പിക്കും. നേരത്തെ തീരുമാനിച്ച മുറയ്ക്ക് തന്നെ എല്ലാ വേദിയിലും മത്സരങ്ങൾ കൃത്യ സമയത്ത് ആരംഭിക്കും. മുൻ ധാരണകൾ ഇല്ലാതെ യുവജനോത്സവം നടത്താൻ എല്ലാവരുടെയും പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണ പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര മേളയായാണ് കേരള സ്‌കൂൾ കലോത്സവം അറിയപ്പെടുന്നത്. ഹൈസ്‌കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങളിൽ നിന്നുമായി ഏകദേശം 14000 ത്തോളം വിദ്യാർത്ഥികൾ സംസ്ഥാനതലത്തിൽ മാറ്റുരക്കുന്നു. ഒരു കുട്ടിക്ക് 3 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പിനങ്ങളിലും മത്സരിക്കാമെന്നും മന്ത്രി പറഞ്ഞു. ഈ വർഷവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് 117.5 പവനിൽ രൂപകൽപന ചെയ്ത സ്വർണ്ണകപ്പ് നൽകുമെന്നും മന്ത്രി പറഞ്ഞു.
പുതിയ കാലഘട്ടത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ച് സംസ്ഥാന സ്‌കൂൾ കലോത്സവത്തെ വിജയകരമാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കലാപ്രതിഭകൾക്ക് മറക്കാനാവാത്ത കൂടിച്ചേരലുകളായി ഇത്തരം കലോത്സവങ്ങൾ മാറണം.
കോവിഡ് കാലത്തിന്റെ ഇടവേളയ്ക്കു ശേഷമുള്ള ആഘോഷം എന്ന നിലയിൽ അതീവ പ്രാധാന്യത്തോടെയാണ് ജനങ്ങൾ ഇത്തരം കലോത്സവങ്ങൾ ഏറ്റെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. കലാപ്രവർത്തനങ്ങളെ ഒരു ഉത്സവം പോലെ കൊണ്ടുനടക്കുന്ന കോഴിക്കോടിന്റെ നാട്ടിലേക്ക് കലോത്സവം വന്നതിൽ സന്തോഷം ഉണ്ട്.
കലയുടെ സുഗന്ധം പേറുന്ന കോഴിക്കോട്ടുകാർ സംസ്ഥാന കലോത്സവത്തെ ഹൃദയത്തോട് ചേർത്തുനിർത്തും. വിവിധ രംഗങ്ങളിൽ നിറഞ്ഞുനിൽക്കുന്ന കലാകാരന്മാരെ സംസ്ഥാന കലോത്സവത്തിലേക്ക് എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന കലോത്സവത്തെ പ്രൗഢഗംഭീരമായി ആകർഷകമായ രീതിയിൽ നടത്താൻ കോഴിക്കോടിന് കഴിയുമെന്ന് ചടങ്ങിലെ വിശിഷ്ടാതിഥി വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. കോവിഡിന്റെ അസ്വസ്ഥതകളെ പൂർണമായും മാറ്റി നിർത്തി ഏറെ പുതുമകളോടെ ഈ കലോത്സവം നടത്താൻ കഴിയണമെന്ന് മന്ത്രി പറഞ്ഞു.
മേയർ ഡോ. ബീന ഫിലിപ്പ്, എം.കെ രാഘവൻ എംപി, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, ഇ.കെ വിജയൻ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, കെ.കെ രമ, ലിന്റോ ജോസഫ്, കെ.എം സച്ചിൻ ദേവ്,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, ഡെപ്യൂട്ടി മേയർ സി. പി മുസാഫർ അഹമ്മദ്,കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ അക്ബർ, വിവിധ രാഷ്ട്രീയ, വ്യാപാരി-വ്യവസായ,അധ്യാപക സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *