തിരുവനന്തപുരം: താന്‍ ചാന്‍സലര്‍ പദവിയൊഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന സര്‍ക്കാരിന്റെ ഔദാര്യമല്ല ചാന്‍സലര്‍ പദവി. ചാന്‍സലര്‍മാരായി ഗവര്‍ണറെ നിയമിക്കുന്നത് ദേശീയ തലത്തിലുള്ള ഉടമ്പടിയും ധാരണയുമാണ്. അത് മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണറെ നിയമിക്കുന്നത് സര്‍വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കുന്നതിനും അനധികൃത ഇടപെടലുകള്‍ ഒഴിവാക്കുന്നതിനും വേണ്ടിയാണ്. 1956 നു മുന്‍പേ ഗവര്‍ണറാണ് സര്‍വകലാശാലകളുടെ ചാന്‍സലര്‍.
സര്‍വകലാശാലകളില്‍ ഒരുതരത്തിലുള്ള നിയമലംഘനവും അനുവദിക്കില്ല. മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് സര്‍വകലാശാലകളെ നിയന്ത്രിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് വിസിമാരെ നിയമിക്കാന്‍ നിര്‍ദേശം വരുന്നു. തന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ താന്‍ തന്നെയാണ് തീരുമാനിക്കുന്നത്. ആ നിയമനങ്ങളില്‍ നിയമലംഘനം ഇല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.കോര്‍പറേഷനുകളിലും സ്വന്തക്കാരെ നിയമിക്കാന്‍ ശ്രമം നടക്കുന്നെന്നും അത് മുഖ്യമന്ത്രി അറിയുന്നില്ലെങ്കിലും കുറ്റകരമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. യോഗ്യത ഇല്ലാത്തവരെ സര്‍വകലാശാലകളില്‍ അനുവദിക്കാന്‍ കഴിയില്ല. ഇനി താന്‍ ഏറ്റെടുക്കുന്ന വിഷയം മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനം ആണെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അയച്ച ഓര്‍ഡിനന്‍സുകള്‍ ഇനിയും ഒപ്പിടാതെ രാജ്ഭവനില്‍ കെട്ടികിടക്കുകയാണ്.
ഗവര്‍ണര്‍ ചാന്‍സലര്‍ എന്നത് ദേശീയതലത്തിലുള്ള ധാരണയാണ്. സര്‍വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കാനാണ് ഗവര്‍ണറുടെ ചാന്‍സലര്‍ സ്ഥാനം. കെ.ടി.യു താത്കാലിക വിസിയെ തടയുന്നത് കുറ്റകരമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം, ഉത്തരേന്ത്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് കേരളത്തില്‍ തിരിച്ചെത്തി. ഇടതുമുന്നണിയുടെ രാജ്ഭവന്‍ മാര്‍ച്ചിന് ശേഷം ആദ്യമായാണ് ഗവര്‍ണര്‍ സംസ്ഥാനത്ത് തിരിച്ചെത്തുന്നത്. കുഫോസ് വിസിക്കും പ്രിയാ വര്‍ഗീസിനും എതിരായ കോടതി വിധികളുടെ പശ്ചാത്തലത്തില്‍ ആരിഫ് മുഹമ്മദ് ഖാന്റെ അടുത്ത് നീക്കം എന്തായിരിക്കും എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.