കോഴിക്കോട്: വ്യത്യസ്ത മതങ്ങളും വിശ്വാസങ്ങളും സമ്മേളിക്കുന്ന ഭാരതത്തില്‍ വര്‍ഗീയതയുടെ വിഷവിത്തിറക്കി ജനങ്ങളെ ഭിന്നിപ്പിച്ച് രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നത് സംഘപരിവാര്‍ ശക്തികളാണെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു. ഭാരതത്തിന്റെ മഹനീയ മാതൃക തെറ്റായി വ്യാഖ്യാനിച്ച് രാജ്യത്തെ ജനങ്ങളെ ഇവര്‍ ചതിക്കാന്‍ ശ്രമിക്കുകയാണ്. ‘മതനിരപേക്ഷതയും സംഘപരിവാര്‍ ഉയര്‍ത്തുന്ന വെല്ലുവിളിയും’ എന്ന വിഷയത്തില്‍ ജവഹര്‍ യൂത്ത് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന് മതമില്ല. എന്നാല്‍ ജനങ്ങള്‍ക്ക് മതമുണ്ട്. എല്ലാ മതങ്ങളേയും തുല്യമായി കാണുന്നതാണ് നമ്മുടെ പാരമ്പര്യം. എന്നാല്‍ സംഘപരിവാര്‍ ഇതംഗീകരിക്കുന്നില്ല. സ്വാതന്ത്ര്യാനന്തര കാലത്ത് ഹിന്ദുമഹാസഭക്ക് രണ്ട് ശതമാനമായിരുന്നു ജനപിന്തുണ.
1925ല്‍ സവര്‍ക്കര്‍ ഇന്ത്യ ഹിന്ദുരാജ്യമാണെന്ന് പ്രഖ്യാപിക്കുകയുണ്ടായി. 1984ല്‍ രണ്ട് എം.പിമാരുണ്ടായിരുന്ന ബി.ജെ.പി രാമജന്മഭൂമി പ്രശ്‌നം ആളിക്കത്തിച്ചാണ് പിന്നീട് വളര്‍ന്നത്. ഇന്ത്യയിലെ 85 ശതമാനം ഹിന്ദുക്കളില്‍ പകുതിപേര്‍ തങ്ങള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം അംഗീകരിച്ചാല്‍ അധികാരം പിടിക്കാമെന്നവര്‍ മനസ്സിലാക്കുകയും അത് രാഷ്ട്രീയ അജന്‍ഡയാക്കുകയും ചെയ്തു. ബി.ജെ.പി അധികാരത്തില്‍ വന്നതിന് ശേഷം നടപ്പിലാക്കിയ കാര്യങ്ങള്‍ ഓരോന്നായി എടുത്താല്‍ ഒരു പ്രത്യേക വിഭാഗത്തിനെതിരേ നടത്തുന്ന നീക്കങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ട്രിപ്പിള്‍ തലാക്ക് ക്രിമിനല്‍ കുറ്റമാക്കി (മറ്റൊരു സമുദായത്തിനും ഇത് ബാധകമല്ല) യു.എ.പി.എയിലൂടെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുക, യു.പിയിലും മധ്യപ്രദേശിലും അരങ്ങേറിയ ബുള്‍ഡോസര്‍ രാഷ്ട്രീയം, 2019ല്‍ കൊണ്ടുവന്ന പൗരത്വ നിയമം, ദേശീയ പൗരത്വ രജിസ്ട്രി നടപ്പാക്കല്‍ ഇങ്ങനെ ഒരു വിഭാഗത്തെ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയാണ് മോദി സര്‍ക്കാര്‍. മോദി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഗുജറാത്തില്‍ 1500 പേര്‍ കൊല്ലപ്പെട്ടത്.
പാര്‍ലമെന്റിനെ നോക്കുകുത്തിയായി മാറ്റിയിരിക്കുകയാണ്. നോട്ട് നിരോധനമടക്കമുള്ള കാര്യങ്ങള്‍ ഏകപക്ഷീയമായാണ് നടപ്പിലാക്കിയത്. നോട്ട് നിരോധനം സൃഷ്ടിച്ച ദുരന്തം വളരെ വലുതായിരുന്നു. തൊഴിലില്ലായ്മ വര്‍ധിച്ചു. ചെറുകിട സംരംഭങ്ങള്‍ തകര്‍ന്നടിഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ രാജ്യത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രി അയോധ്യയില്‍ ഭൂമിപൂജ നടത്തുന്നു. പാര്‍ലമെന്റിന്റെ നിര്‍മാണത്തിലും അദ്ദേഹം ഇതുതന്നെയാണ് ചെയ്തത്. പാര്‍ലമെന്റിന്റെ തലവന്‍ രാഷ്ട്രപതിയാണ്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന സെക്കുലറിസത്തെ മോദി ഭംഗിയായി കബളിപ്പിക്കുകയാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 37 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. 67 ശതമാനം ജനങ്ങളും ബി.ജെ.പിക്കെതിരാണ്. 46 പാര്‍ട്ടികള്‍ക്കാണ് ബാക്കിയുള്ളവരുടെ പിന്തുണ. പ്രതിപക്ഷ ഐക്യം സാധ്യമായാല്‍ 2024 തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സര്‍ക്കാരിനെ താഴെയിറക്കാനാവുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ. നവനീത് മോഹന്‍ അധ്യക്ഷത വഹിച്ചു. എം.കെ രാഘവന്‍ എം.പി, റിജില്‍ മാക്കുറ്റി, ഗഫൂര്‍ പുത്തന്‍പുര, വി.പി ദുല്‍ഖിഫിലും സംസാരിച്ചു.