കോഴിക്കോട്: കലാമണ്ഡലം വിനോദിനി ടീച്ചര്‍ ഗുരുവായിട്ടുള്ള നാട്യദര്‍പ്പണ കലാകേന്ദ്രത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഇന്നുമുതല്‍ 27 വരെ എരഞ്ഞിപ്പാലം ആശിര്‍വാദ് ലോണ്‍സില്‍ നടക്കുമെന്ന് ചീഫ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. മമത പത്മകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്നു മുതല്‍ 26 വരെ വൈകീട്ട് ആറ് മണി മുതല്‍ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവ അരങ്ങേറും. ഇന്നു നടക്കുന്ന അരങ്ങേറ്റ പരിപാടിയില്‍ പിന്നണി ഗായകന്‍ ഡോ. അരുണ്‍ഗോപനും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഡോ.കെ.പി സുധീര, ഡോ. പീയൂഷ് നമ്പൂതിരിപ്പാട്, പി.വി ഗംഗാധരന്‍, പിന്നണി ഗായിക സിത്താര കൃഷ്ണകുമാര്‍, കളരിപ്പയറ്റ് ഗുരുക്കളായ പത്മശ്രീ മീനാക്ഷി അമ്മ എന്നിവര്‍ അതിഥികളായി എത്തും. 27ന് വൈകീട്ട് നാല് മണിക്ക് സില്‍വര്‍ ജൂബിലി ആഘോഷ പരിപാടികള്‍ പ്രസിദ്ധ കുച്ചിപ്പുടി ഗുരുവും പത്മഭൂഷണ്‍ അവാര്‍ഡ് ജേതാവുമായ രാജാരാധ റെഡ്ഡി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും.
തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പ്പിള്ള മുഖ്യാതിഥിയാവും. ചെന്നൈ നൃത്ത കലാക്ഷേത്ര അക്കാദമി സാരഥികളായ കലൈമാമണി മധുരൈ ആര്‍. മുരളീധരന്‍, ചിത്രാ മുരളീധരന്‍, ചെന്നൈ ശിവാ ഫൗണ്ടേഷന്‍ സ്‌കൂള്‍ ഓഫ് കുച്ചിപ്പുടി ഡാന്‍സിന്റെ സാരഥി കലൈമാമണി മാധവഷെട്ടി മൂര്‍ത്തി, ചെന്നൈ കുച്ചിപ്പുടി നാട്യാലയുടെ സാരഥി ഗുണ്ടു സുരേഷ്ബാബു എന്നിവര്‍ അതിഥികളാകും. നാട്യദര്‍പ്പണയുടെ ഗുരുവായ കലാമണ്ഡലം വിനോദിനി ടീച്ചറുടെ ഗുരുക്കന്മാരെ ആദരിക്കുന്ന ഗുരുവന്ദനം പരിപാടിയും നടക്കും. നാട്യദര്‍പ്പണയില്‍ വിജയകരമായി 10 വര്‍ഷം നൃത്താഭ്യാസം പൂര്‍ത്തിയാക്കിയ 18 വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് നല്‍കും. മധുരൈ. ആര്‍. മുരളീധരന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് കലാമണ്ഡലം വിനോദിനി ടീച്ചര്‍ കോറിയോഗ്രഫി ചെയ്ത ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബാലൈ ‘ഷഡാക്ഷരം’ വേദിയില്‍ അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ നാട്യദര്‍പ്പണയിലെ സീനിയര്‍ വിദ്യാര്‍ഥികളായ ഗായത്രി രാജേന്ദ്രന്‍, അനുശ്രീ സുബാഷ്, രക്ഷകര്‍ത്താക്കളായ പ്രേംചന്ദ്, രാജേന്ദ്രന്‍ എന്നിവരും പങ്കെടുത്തു.