സ്കോര്‍: ഖത്തര്‍ 0 – 2 ഇക്വഡോര്‍
ദോഹ: ഫുട്ബോള്‍ ലോകകപ്പിന്റെ ആദ്യ അങ്കത്തില്‍ ആതിഥേയരായ ഖത്തറിനെ തോല്‍പ്പിച്ച് ഇക്വഡോര്‍. ലോകകപ്പ് ചരിത്രത്തില്‍ തന്നെ ആതിഥേയര്‍ ആദ്യ മത്സരത്തില്‍ പരാജയപ്പെടുന്നത് ആദ്യമായാണ്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഖത്തറിനെ ഇക്വഡോര്‍ പരാജയപ്പെടുത്തിയത്.
നായകന് എന്നര് വാലന്‍സിയ ആണ് ഇക്വഡോറിന് വേണ്ടി രണ്ട് ഗോളുകളും നേടിയത്. മത്സരത്തിന്റെ മൂന്നാം മിനുറ്റില്‍ തന്നെ കാണികളുടെ രക്തയോട്ടം കൂട്ടി എന്നര് വാലന്‍സിയ ഗോള്‍ നേടിയെങ്കിലും വാര് പരിശോധിച്ച റഫറി അത് ഓഫ്സൈഡ് എന്ന് വിധിക്കുകയായിരുന്നു. എന്നാല്‍, മത്സരത്തിന്റെ 16ാം മിനുറ്റില്‍ നായകന് തന്നെ ഇക്വഡോറിനെ മുന്നിലെത്തിച്ചു. പെനാല്‍റ്റിയിലൂടെയായിരുന്നു ഗോള്‍ നേടിയത്.
പന്തുമായി ഖത്തര്‍ ഗോള്‍മുഖത്തേക്കെത്തിയ വലന്‍സിയയെ ഖത്തര്‍ ഗോളി സാദ് അല്‍ ഷീബ് വീഴ്ത്തിയതിന് പിന്നാലെ പെനാല്‍റ്റി വിധിച്ചു റഫറി. കിക്കെടുത്ത ഇക്വഡോര്‍ നായകന് പിഴച്ചില്ല ആദ്യ ഗോള്‍ 0-1. ഖത്തര്‍ ഗോള്‍ മുഖത്തേക്ക് തുടരെ തുടരെ അക്രമങ്ങള്‍ അഴിച്ചുവിട്ട ഇക്വഡോര്‍ ടീം 31ാം മിനുറ്റില്‍ ഖത്തര്‍ പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്തി.
ഏയ്ഞ്ചലോ പ്രെസിയോഡോയുടെ ക്രോസ് ഹെഡറിലൂടെ നായകന് വാലന്‍സിയ മത്സരത്തില്‍ രണ്ടാം ഗോളും കുറിച്ചു. ഇതോടെ ലോകകപ്പില്‍ അഞ്ച് ഗോളുകള്‍ നേടുന്ന ആദ്യ ഇക്വഡോര്‍ താരമെന്ന നേട്ടം നായകന് എന്നര് വാലന്‍സിയ സ്വന്തമാക്കി.
ആദ്യ പകുതിയിലാണ് മത്സരത്തിലെ രണ്ടു ഗോളുകളും വീണത്. എന്നാല്‍, രണ്ടാം പകുതിയിലും ആതിഥേയരായ ഖത്തര്‍ ആക്രമണ ഫുട്ബോള്‍ കാഴ്ചവയ്ക്കുന്നതിനു പകരം മത്സരത്തിലുടനീളം പ്രതിരോധിക്കുകയായിരുന്നു ചെയ്തത്. ചില മുന്നേറ്റങ്ങളുണ്ടായെങ്കിലും അതൊന്നും ഗോളുകളാക്കാന്‍ ഖത്തറിന് കഴിഞ്ഞില്ല.
ഫിഫ റാങ്കിങ്ങില്‍ 50ാം സ്ഥാനത്താണ് ആതിഥേയരായ ഖത്തര്‍. ഇക്വഡോര്‍ 44ാം സ്ഥാനത്തും. വെള്ളിയാഴ്ച സെനഗലിനെതിരേയാണ് ഖത്തറിന്റെ അടുത്ത പോരാട്ടം.