തിരുവനന്തപുരം: കാലഘട്ടത്തിന്റെ വിളിയാളങ്ങള്‍ ഓര്‍ക്കുമ്പോള്‍ മണ്‍മറഞ്ഞുപോയ ദിവ്യ പുരുഷാരവങ്ങളുടെ സന്മാര്‍ഗ്ഗ ദര്‍ശനങ്ങളാണ് ഹൃദയങ്ങളെ ത്രസിപ്പിക്കുന്നതെന്ന് എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യാ ചെയര്‍മാനും പ്രവാസി ഭാരതി ചീഫ് എഡിറ്ററുമായ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ് അഭിപ്രായപ്പെട്ടു. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ശിവഗിരിയിലെത്തിയതായിരുന്നു അദ്ദേഹം. ലോകമാനവര്‍ക്ക് ശ്രേഷ്ഠ ഗുരു ശ്രീ നാരായണ ഗുരുദേവന്‍ നല്‍കിയ ഉപദേശങ്ങളും ആത്മീയ വചനങ്ങളും എല്ലാ കാലവും പ്രാധാന്യമര്‍ഹിക്കുന്നതാണ്. മതങ്ങളും മനുഷ്യരും തമ്മിലുള്ള സൗഹാര്‍ദതയും മാനുഷ്യക മൂല്യങ്ങളും നഷ്ടപ്പെടാനോ, വിസ്മരിക്കാനോ പാടില്ലായെന്ന ഗുരുദേവ ദര്‍ശനം കൈമോശം വന്നിരിക്കുന്നതിന്റെ പാര്‍ശ്വഫലങ്ങള്‍ സമൂഹം ഇന്ന് കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുരുപ്രിയ ചാനല്‍ പ്രൊഡ്യൂസര്‍ ഷിനു വര്‍ക്കല സന്ദേശം സ്വീകരിച്ചു. ശിവഗിരി തീര്‍ഥാടനം പ്രമാണിച്ച് ലോകമെമ്പാടുമുള്ള ഗുരുദേവ ചിന്തകളെ ആദരിക്കുന്ന വ്യക്തികളെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് ഗുരു പ്രിയ ചാനല്‍ സന്ദേശ സ്വീകരണം സംഘടിപ്പിച്ചിട്ടുള്ളത്.
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്റെ പുതുതായി സ്ഥാനമേറ്റെടുത്ത പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി ഋബരാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവരേയും ശിവഗിരി ട്രസ്റ്റ് ഓഫീസില്‍ ഡോ. എസ്.അഹമ്മദ് സന്ദര്‍ശിച്ചു. അഹമ്മദ് രചിച്ച പത്രാധിപ ചിന്തകളുടെ സമാഹാരമായ കനല്‍ചില്ലകള്‍ എന്ന പുസ്തകവും സ്വാമിമാര്‍ക്ക് നല്‍കി.