കോഴിക്കോട്: മാധ്യമങ്ങള്‍ ബാഹ്യനിയന്ത്രണത്തിന് വിധേയമാവുന്നത് ഭൂഷണമല്ലെന്നും സ്വയം നിയന്ത്രണമാണ് വേണ്ടതെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. പല കാര്യങ്ങളും കോടതി അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. കോടതി വിധികള്‍ ജനങ്ങളിലേക്കെത്തുന്നതും മാധ്യമങ്ങളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ് സുവര്‍ണ ജൂബിലി പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനവും അവാര്‍ഡ് ദാനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. ഇന്ത്യന്‍ മാധ്യമങ്ങള്‍ വളരെ മികച്ച നിലവാരം പുലര്‍ത്തിയിട്ടും എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നു എന്നത് വ്യക്തമല്ല. എക്സിക്യൂട്ടിവിനെ തിരുത്താന്‍ മാധ്യമങ്ങളുടെ പങ്ക് അനിവാര്യമാണ്. കേരളം കണ്ട മഹാപ്രളയകാലത്ത് മാധ്യമങ്ങള്‍ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവത്താണ്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഇല്ലാത്ത സമൂഹത്തെ കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല.
ജനാധിപത്യത്തില്‍ പരമാധികാരം ജനങ്ങള്‍ക്ക് തന്നെയാണ്. തെരുവില്‍ കിടന്നുറങ്ങുന്നവര്‍ക്കും പരമാധികാരവും സ്വാതന്ത്ര്യവുമുണ്ട്. ന്യായാധിപന്‍മാര്‍ക്ക് ഭരണഘടനാനുസൃതമായി മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. എന്നാല്‍ മാധ്യമങ്ങള്‍ ജനങ്ങളുടെ ശബ്ദമാണ്. കേരളത്തിലെ മാധ്യമങ്ങള്‍ അത് മെച്ചപ്പെട്ട രീതിയില്‍ തന്നെ നിര്‍വഹിക്കുന്നുണ്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ്ഖാന്‍ അധ്യക്ഷനായി. പ്രസ് ക്ലബിന്റെ തെരുവത്ത് രാമന്‍ പുരസ്‌കാരം വി.എം ഇബ്രാഹിം (എഡിറ്റര്‍, മാധ്യമം), മുഷ്താഖ് സ്പോര്‍ട്സ് ഫോട്ടോഗ്രാഫി അവാര്‍ഡ് സുമേഷ് കോടിയത്ത് (ഫോട്ടോഗ്രാഫര്‍, ദേശാഭിമാനി), പി. ഉണ്ണികൃഷ്ണന്‍ പുരസ്‌കാരം ടി.വി പ്രസാദ് (ചീഫ് റിപ്പോര്‍ട്ടര്‍, ഏഷ്യാനെറ്റ് ന്യൂസ്) എന്നിവര്‍ ഏറ്റുവാങ്ങി. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി.ജെ ജോഷ്വ രചിച്ച ‘ മീഡിയ: സത്യം, സത്യാനന്തരം’ എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. കല്‍പറ്റ നാരായണന്‍ ഏറ്റുവാങ്ങി. പ്രസ്‌ക്ലബ് സെക്രട്ടറി പി.എസ് രാകേഷ്, ട്രഷറര്‍ പി.വി നജീബ്, പി.ജെ ജോഷ്വ, കെ.ഡി.എഫ്.എ ട്രഷറര്‍ അബ്ദുല്‍ അസീസ് ആരിഫ്, അവാര്‍ഡ് ജേതാക്കള്‍ എന്നിവര്‍ സംസരിച്ചു.