പ്രൈമറി വിദ്യാലയങ്ങളില്‍ സ്‌പോര്‍ട്‌സ് പാഠ്യവിഷയമാക്കും: മന്ത്രി അബ്ദുറഹിമാന്‍

പ്രൈമറി വിദ്യാലയങ്ങളില്‍ സ്‌പോര്‍ട്‌സ് പാഠ്യവിഷയമാക്കും: മന്ത്രി അബ്ദുറഹിമാന്‍

തലശ്ശേരി: പ്രൈമരി വിദ്യാലയങ്ങളില്‍ സ്‌പോര്‍ട്‌സ് പാഠ്യവിഷയമാക്കുമെന്ന് കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. 1500 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ആറ് വര്‍ഷമായി സംസ്ഥാനത്ത് നടപ്പാക്കിയത്. സ്വകാര്യ പങ്കാളിത്തത്തോടെ 45000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയാണ്. വിദേശരാജ്യങ്ങളെ പോലെ ഇവിടെയും വലിയ സ്‌പോര്‍ട്‌സ് ഇവന്റുകള്‍ സംഘടിപ്പിക്കാന്‍ സാധിക്കും.തലശ്ശേരി ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ മെമ്മോറിയല്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലശ്ശേരി ഗുണ്ടര്‍ട്ട് റോഡിലെ 6.2 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന 222 വര്‍ഷം പഴക്കമുള്ള സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലാണ് നവീകരിച്ചത്.

ഇതിനായി കിഫ്ബി 13 കോടി രൂപ അനുവദിച്ചിരുന്നു. എട്ട് ലൈനോട് കൂടിയ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, ബാസ്‌ക്കറ്റ് ബോള്‍, ഫുട്‌ബോള്‍ കോര്‍ട്ടുകള്‍, 8000 പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറി, കളിക്കാര്‍ക്ക് വസ്ത്രം മാറാനുള്ള നാല് മുറികള്‍, 250 പേരെ വീതം ഉള്‍ക്കൊള്ളുന്ന പാര്‍ട്ടി- മീറ്റിങ് ഹാളുകള്‍, പൊതുജനങ്ങള്‍ക്കുള്ള ശുചിമുറികള്‍, വി.ഐ.പി ലോഞ്ച്, മീഡിയ റൂം, കളിക്കാര്‍ക്കുള്ള മുറികള്‍, ഓഫിസ് റൂം എന്നിവയാണ് സ്റ്റേഡിയത്തിലുള്ളത്. കായിക വകുപ്പിന് കീഴിലെ സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനാണ് നടത്തിപ്പ് ചുമതല. ചടങ്ങില്‍ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ അധ്യക്ഷത വഹിച്ചു. കായിക യുവജനകാര്യ വകുപ്പ് ഡയരക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാ അധ്യക്ഷ ജമുനാറാണി ടീച്ചര്‍ സ്വാഗതം പറഞ്ഞു.

നഗരസഭാ ഉപാധ്യക്ഷന്‍ വാഴയില്‍ ശശി, സബ്കലക്ടര്‍ സന്ദീപ് കുമാര്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഒ.കെ വിനീഷ്, കോഴിക്കോട് കായിക യുവജനകാര്യ വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ ടി.ആര്‍ ജയചന്ദ്രന്‍, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ഡയരക്ടര്‍ എ. പ്രദീപ്കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി.കെ രമേശന്‍, എം.പി അറവിന്ദാക്ഷന്‍, അഡ്വ.കെ.എ ലത്തീഫ്, കാരായി സുരേന്ദ്രന്‍, എം.പി സുമേഷ്, വര്‍ക്കി വട്ടപ്പാറ, ഒതയോത്ത് രമേശന്‍, ബി.പി മുസ്തഫ, കെ. സന്തോഷ്, പന്ന്യന്നൂര്‍ രമചന്ദ്രന്‍, കെ.സുരേഷ് എന്നിവര്‍ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് തലശ്ശേരി ഹെറിട്ടേജ് റണിന്റെ ലോഗോ പ്രകാശനം തലശ്ശേരി എ.സി.പി നിധിന്‍രാജ് ചടങ്ങില്‍ നിര്‍വഹിച്ചു. സ്വാതന്ത്ര്യത്തിന്റെ 75ാം ആഘോഷങ്ങളുടെ ഭാഗമായി പാര്‍ലമെന്റില്‍ കേരളത്തെ പ്രതിനിധീകരിച്ച് പ്രസംഗിച്ച നന്ദിക.എ കുമാറിനെ ചടങ്ങില്‍ ആദരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *