കോഴിക്കോട്: കാലിക്കറ്റ് എയര്‍പോര്‍ട്ട് തിരുവനന്തപുരം മാതൃകയില്‍ കൊണ്ടുവന്നാല്‍ കൂടുതല്‍ ഉചിതമെന്ന് ശശി തരൂര്‍ എം.പി. കൂടുതല്‍ ആഭ്യന്തര കണക്റ്റിവിറ്റിക്ക് സ്വകാര്യവല്‍ക്കരണം ഗുണം ചെയ്യും. രാജ്യത്തെ ആരോഗ്യ സുരക്ഷ പൂര്‍ണമായും വിദേശ രാജ്യത്തെപോലെ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കണം. മറിച്ച് നിലവിലുള്ള രീതി അഴിമതിക്ക് കളം വയ്ക്കുമെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭാവി ഇന്ത്യ സംബന്ധിച്ച് സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍.ഡി.എഫ് സര്‍ക്കാരിന് പുതിയ വരുമാന സ്രോതസ് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അവകാശവാദം ഉന്നയിക്കുന്ന കിഫ്ബി ജനിക്കാന്‍ പോകുന്ന കുഞ്ഞിന് വരെ കടമാണ്. സര്‍ക്കാരിന് ശമ്പളം കൊടുക്കാന്‍ പോലും വരുമാനമില്ല. ഒരു മുന്നണിക്ക് ചിലവ് കുറയുന്നിടത്ത് മറ്റൊരു മുന്നണിക്ക് അത് സ്വീകാര്യമായിരിക്കണമെന്നില്ല. ഏത് മുന്നണി ഭരിച്ചാലും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്നതില്‍ നിയന്ത്രണം വേണമെന്നും ശശി തരൂര്‍ പറഞ്ഞു. ചേംബര്‍ പ്രസിഡന്റ് റാഫി പി.ദേവസി അധ്യക്ഷത വഹിച്ചു. എം.കെ രാഘവന്‍ എം.പി, സുബൈര്‍ കൊളക്കാടന്‍, കെ.മൊയ്തു, എം.മുസമ്മില്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എ.പി അബ്ദുല്ലക്കുട്ടി സ്വാഗതവും ബോബിഷ് കുന്നത്ത് നന്ദിയും പറഞ്ഞു.