കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാര്‍ക്ക് ജനഹൃദയങ്ങളുടെ യാത്രാ മൊഴി

കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാര്‍ക്ക് ജനഹൃദയങ്ങളുടെ യാത്രാ മൊഴി

കോഴിക്കോട്: പ്രമുഖ ഇസ്ലാം മത പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയുമായ കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാരെ കരുവന്‍പൊയില്‍ ചുള്ള്യാട് ജുമാ മസ്ജിദില്‍ ഖബറടക്കി. മര്‍കസ് മസ്ജിദുല്‍ ഹാമിലിയില്‍ വെച്ച് നടന്ന പ്രാര്‍ഥനക്ക് മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖിയും ജനാസ നിസ്‌കാരത്തിന് കേരളാ മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരിയും നേതൃത്വം നല്‍കി. അദ്ദേഹത്തിന്റെ സ്വദേശമായ കരുവന്‍പൊയില്‍ ജുമാ മസ്ജിദില്‍ വച്ച് വൈകുന്നേരം നടന്ന നിസ്‌കാരത്തിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ഇ. സുലൈമാന്‍ മുസ്ലിയാര്‍ , ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, സയ്യിദ് തുറാബ് സഖാഫി, അബ്ദുറഹ്‌മാന്‍ ഫൈസി മരായമംഗലം, ബശീര്‍ ഫൈസി വെണ്ണക്കോട് എന്നിവര്‍ നേതൃത്വം നല്‍കി. പ്രമുഖ പണ്ഡിതരും തങ്ങന്മാരും സംബന്ധിച്ച ചടങ്ങില്‍ പതിനായിരങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍ , ടി.എന്‍ പ്രതാപന്‍, മത-രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു.

കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രഥമനും പ്രധാനിയുമായ ശിഷ്യനായിരുന്നു കാന്തപുരം എ. പി മുഹമ്മദ് മുസ്ലിയാര്‍. അറിവിലും പ്രഭാഷണ മികവിലും ശരീരപ്രകൃതിയിലും ഇരുവര്‍ക്കുമിടയിലുള്ള പൊരുത്തം സമാനതകള്‍ ഇല്ലാത്തതാണ്. കാന്തപുരത്തിന്റെ നിര്‍ദേശ പ്രകാരം കാന്തപുരത്തെ ജുമാ മസ്ജിദില്‍ മൂന്നര പതിറ്റാണ്ടോളം ദര്‍സ് നടത്തിയതിനാല്‍ കാന്തപുരം എന്ന പേരും ഒപ്പം ചേര്‍ന്നു. 2007ല്‍ മര്‍കസിലെ സീനിയര്‍ മുദരിസായി സേവനം ആരംഭിക്കുകയും കാന്തപുരം ഉസ്താദിന്റെ അഭാവത്തില്‍ വിദ്യാര്‍ഥികള്‍ക്ക് വിശ്രുത ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരി അധ്യാപനം നടത്തുകയും ചെയ്തിരുന്നത് മുഹമ്മദ് മുസ്ലിയാര്‍ ആയിരുന്നു. കാന്തപുരം ഉസ്താദുമായുള്ള സാദൃശ്യതയാണ് ചെറിയ എ.പി ഉസ്താദ് എന്ന് ജനങ്ങള്‍ വിളിക്കാന്‍ കാരണമായത്. മത, സാമൂഹിക, സംഘടനാ രംഗത്ത് നിരവധി സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം ഇസ്ലാമിക മത നിയമങ്ങള്‍ (ഫത്വ) നല്‍കുന്നതിലും എഴുത്തിലും പ്രഭാഷണത്തിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. എല്ലാവരോടും പുഞ്ചിരിയോടെ സമീപിക്കുന്ന അദ്ദേഹത്തെ സംഘടനാ ഭേദമന്യേ മുഴുവന്‍ ആളുകള്‍ക്കും സുസമ്മതനായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *