ഇതാ… ഗോള്‍വലയം ഭേദിക്കാന്‍ മറഡോണ കുതിക്കുകയാണിവിടെ…

ഇതാ… ഗോള്‍വലയം ഭേദിക്കാന്‍ മറഡോണ കുതിക്കുകയാണിവിടെ…

ചാലക്കര പുരുഷു

തലശ്ശേരി: ലോകമാകെ ഫുട്‌ബോള്‍ ലഹരിയില്‍ ഇളകി മറിയുമ്പോള്‍, കാല്‍പ്പന്തുകളിയുടെ മഹാമാന്ത്രികനായ മറഡോണയെ കണ്ണൂരുകാര്‍ക്ക് എങ്ങനെ മറക്കാനാവും? വര്‍ഷങ്ങള്‍ക്ക് മുമ്പ് മറഡോണയുടെ കണ്ണൂര്‍ സന്ദര്‍ശനം കായിക പ്രേമികളുടെ മനസ്സുകളില്‍ ആഞ്ഞുവീശിയ ആവേശത്തിന്റെ കൊടുങ്കാറ്റ് ഇന്നും ശമിച്ചിട്ടില്ല. മനസ്സില്‍ മന്ത്രണം ചെയ്ത ആ ഓര്‍മകള്‍ ആവേശമായി സിരകളിലൊഴുകിയപ്പോള്‍ കണ്ണൂരുകാരനായ വിഖ്യാത ശില്‍പ്പി മനോജ് കുമാറിന്റെ സിരകളില്‍ അത് വൈദ്യുത്തരംഗങ്ങളായി പരിണമിക്കുകയും സര്‍ഗ്ഗചേതനയുടെ ഉരക്കല്ലില്‍ മാറ്റുരയ്ക്കപ്പെടുകയുമായിരുന്നു. പിന്നെ എല്ലാം ഞൊടിയിടയില്‍.
ശില്‍പ്പി മനോജ് കുമാറിന്റെ കണ്ണൂരിലുള്ള സ്റ്റുഡിയോയില്‍ ഫുട്‌ബോള്‍ മാന്ത്രികന്‍ മറഡോണയുടെ കളിമണ്‍ ശില്‍പ്പം പൂര്‍ത്തിയായി. മറഡോണയുടെ യഥാര്‍ത്ഥ ഉയരത്തിന്റെ 1.4 ഇരട്ടി (ഏതാണ്ട് ഏഴരയടി ) ഉയരമുണ്ട് ചടുലഭാവമാര്‍ന്ന ഈ ശില്‍പ്പത്തിന്. മറഡോണയുടെ ചലന ദൃശ്യങ്ങളും ഫോട്ടോകളും ലൈഫ് മോഡലുകളില്‍ നിന്നുള്ള മസ്‌കുലര്‍ സ്റ്റഡീസും നടത്തിയാണ് ഫുട്ബാള്‍ ഇതിഹാസത്തിന്റെ ശരവേഗതയിലുള്ള ആക്ഷന്‍ ശില്‍പ്പം ആവിഷ്‌ക്കരിച്ചതെന്ന് ശില്‍പ്പി മനോജ് പറഞ്ഞു. ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ പൂര്‍ണമായ ഊര്‍ജവും ചടുലതയും ആവാഹിച്ചാണ് ശില്‍പ്പം രൂപപ്പെടുത്തിയത്. കായിക താരത്തിന്റെ അനാട്ടമിയുടെ രൂപഘടനയും കളിക്കളത്തിലെ കുതിപ്പ്, താരത്തിന്റെ ശരീരത്തിലുണ്ടാക്കുന്ന ഞരമ്പുകളുടെ പിരിമുറുക്കങ്ങളും അതിസൂക്ഷ്മമായ രചനാവൈഭവത്തില്‍ പ്രകടമാണ്. ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം നാടെമ്പാടും അഗ്നിയായി പടരുമ്പോള്‍ ദേശത്തിന്റേയും രാജ്യത്തിന്റേയും ചിഹ്നങ്ങള്‍ ഒഴിവാക്കിക്കൊണ്ടാണ് കായിക ലോകത്തിന്റെ ധ്രുവനക്ഷത്രമായ മറഡോണയുടെ ചലനാത്മക രൂപം, ശില്‍പ്പഭാഷക്ക് അനുസൃതമായി നിര്‍മ്മിച്ചിരിക്കുന്നത്. സം ജോദ് ഏച്ചൂര്‍, പ്രജുല്‍ വാരം എന്നിവര്‍ പ്രതിമാ നിര്‍മാണത്തില്‍ ശില്‍പ്പി മനോജിന് സഹായികളായി.

മറഡോണ ശില്‍പ്പത്തോടൊപ്പം പ്രമുഖ ശില്‍പ്പി മനോജ് കുമാര്‍
Share

Leave a Reply

Your email address will not be published. Required fields are marked *