സർക്കാർ മേൽനോട്ടത്തിലുള്ള കേരളത്തിലെ ആദ്യത്തെ സർഫിങ് സ്‌കൂൾ ബേപ്പൂരിൽ

സർക്കാർ മേൽനോട്ടത്തിലുള്ള കേരളത്തിലെ ആദ്യത്തെ സർഫിങ് സ്‌കൂൾ ബേപ്പൂരിൽ

കോഴിക്കോട്:കേരളത്തിലെ ആദ്യത്തെ സർക്കാർ മേൽനോട്ടത്തിലുള്ള സർഫിങ് സ്‌കൂൾ ബേപ്പൂരിൽ ആരംഭിക്കുന്നു. സ്‌കൂളിന്റെ ഉദ്ഘാടനം ഞായറാഴ്ച (നവംബർ 20) പൊതുമരാമത്ത് ടൂറിസം യുവജനക്ഷേമ വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഗോതീശ്വരം ബീച്ചിൽ നിർവ്വഹിക്കും. ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയുടെ ഭാഗമായുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്റെ സംരംഭമാണിത്.
ഉത്തരവാദിത്ത ടൂറിസം മിഷൻ വിദഗ്ധ ഏജൻസികളെ ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രദേശവാസികളായ 10 യുവാക്കൾക്ക് 3 മാസത്തെ അടിസ്ഥാന സർഫിങ് പരിശീലനം നൽകിയിരുന്നു. ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ അടിസ്ഥാന സർഫിങ് പരിശീലനം പൂർത്തിയാക്കിയ ഇവർ ഇന്റർനാഷണൽ സർട്ടിഫൈഡ് സർഫ് ട്രെയിനർമാരായി സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു. ഇവരുടെ നേതൃത്വത്തിലുള്ള ബേപ്പൂർ ഉത്തരവാദിത്ത ടൂറിസം ക്ലബ്ബായ യൂത്ത് വെൽഫയർ മൾട്ടി പർപസ് സൊസൈറ്റി ആണ് സർഫിങ് സ്‌കൂളിന് മേൽനോട്ടം വഹിക്കുന്നത്.
സർഫിങ് സ്‌കൂൾ ആരംഭിക്കുന്നതോടെ ടൂറിസം മേഖലയിൽ ബേപ്പൂരിന് കുതിക്കാനാകും. സംസ്ഥാനത്ത് ആദ്യമായാണ് സർക്കാർ സംവിധാനങ്ങളുടെ സമ്പൂർണ്ണ സഹകരണത്തിലും മേൽനോട്ടത്തിലും പൂർണ്ണമായും തദ്ദേശ വാസികളുടെ നേതൃത്വത്തിൽ സാഹസിക വിനോദസഞ്ചാരമായ സർഫിങ് പരിശീലനവും ടൂറിസ്റ്റുകൾക്ക് സർഫിംഗ് നടത്താനുള്ള സൗകര്യവും ലഭിക്കുന്ന സംവിധാനം ഒരുങ്ങുന്നത്.
സർഫിങ് സ്‌ക്കൂൾ ഉദ്ഘാടന ചടങ്ങിൽ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടർ ഡോ. എൻ.തേജ്.ലോഹിത് റെഡ്ഡി മുഖ്യാതിഥിയാകും.

Share

Leave a Reply

Your email address will not be published. Required fields are marked *