കൊയിലാണ്ടിയിലെ പ്രാദേശിക കാലാവസ്ഥ ഇനി കുട്ടികൾ നിർണ്ണയിക്കും

കൊയിലാണ്ടിയിലെ പ്രാദേശിക കാലാവസ്ഥ ഇനി കുട്ടികൾ നിർണ്ണയിക്കും

പന്തലായനി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ വെതർ സ്റ്റേഷൻ ഒരുങ്ങി

കൊയിലാണ്ടി:പ്രാദേശികമായ കാലാവസ്ഥാമാറ്റം നിർണ്ണയിച്ച് ജനങ്ങളിലെത്തിക്കാനും പ്രകൃതി ദുരന്തമുണ്ടായാൽ രക്ഷാപ്രവർത്തനങ്ങൾ ഫലപ്രദമായി ആസൂത്രണം ചെയ്യാനും കൊയിലാണ്ടിയിൽ ഇനി വിദ്യാർത്ഥികളുണ്ടാകും. സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിലാണ് പന്തലായനി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ വെതർ സ്റ്റേഷൻ ഒരുക്കിയത്. ഭൂമിശാസ്ത്രപഠനം കൂടുതൽ രസകരവും എളുപ്പവുമാക്കാനാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സജ്ജമാക്കുന്നത്.
ജില്ലയിൽ 18 സർക്കാർ സ്‌കൂളുകളിലാണ് ‘ കേരള സ്‌കൂൾ വെതർ സ്റ്റേഷൻ’ പദ്ധതി നടപ്പാക്കുന്നത്. പന്തലായനി ബി.ആർ.സിക്ക് കീഴിൽ കൊയിലാണ്ടി പന്തലായനി ജി.എച്ച്.എസ്.എസിന് പുറമേ അത്തോളി ജി.വി.എച്ച്.എസ്.എസിലാണ് വെതർ സ്റ്റേഷൻ സ്ഥാപിക്കുന്നത്. ഹയർസെക്കൻഡറി വിഭാഗത്തിൽ ഭൂമിശാസ്ത്രം ഐശ്ചിക വിഷയമായി പഠിപ്പിക്കുന്ന സ്‌കൂളുകളിൽ പ്രത്യേകം നിർമിച്ച വെതർ സ്റ്റേഷൻ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങളെ പൊതുസമൂഹത്തിനും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് കേരള സ്‌കൂൾ വെതർ സ്റ്റേഷൻ ചിട്ടപ്പെടുത്തുന്നത്.
പ്രാദേശിക കാലാവസ്ഥാ വ്യതിയാനങ്ങൾ മനസ്സിലാക്കാൻ മഴ മാപിനി , കപ്പ് കൗണ്ടർ ആനിമോ മീറ്റർ, തെർമോമീറ്ററുകൾ, ഇവിൻഡ് വെയ്ൻ ഉൾപ്പെടെ വിവിധ ഉപകരണങ്ങളാണ് സ്‌കൂളിൽ സജ്ജീകരിച്ചിരിക്കുന്നത്. മഴയുടെ അളവ്, അന്തരീക്ഷ ആർദ്രത, അന്തരീക്ഷ ഊഷ്മാവ്, കാറ്റിന്റെ ദിശ, കാറ്റിന്റെ വേഗത എന്നിവ എല്ലാദിവസവും വിദ്യാർഥികൾ സ്വയം നിരീക്ഷിച്ച് രേഖപ്പെടുത്തും. ഇത്തരം കേന്ദ്രങ്ങൾ സ്ഥാപിച്ച സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങൾ ഒരു ഡേറ്റാ ബേസിലേക്ക് കൊടുക്കുകയാണ് ലക്ഷ്യം.
ദിനാവസ്ഥ ഘടകങ്ങളെക്കുറിച്ചുള്ള പരിക്ഷണനിരീക്ഷണങ്ങൾക്കുള്ള ലാബായി സ്‌കുളിലെ സ്‌കൂൾ വെതർ സ്റ്റേഷൻ മാറും. അതോടൊപ്പം സ്‌കൂൾതലം മുതലുള്ള കൂട്ടികൾക്ക് ഭൗമ സാക്ഷരത കൈവരിക്കാനും സാമൂഹിക ഇടപെടലുകൾ നടത്താനുമുള്ള അവസരമാകും ഇത്. ഒരു പ്രദേശത്തിന്റെ ദിനാവസ്ഥ വിവരങ്ങൾ എങ്ങനെ ശേഖരിക്കും എന്നതിനെക്കുറിച്ചുള്ള പ്രായോഗിക അറിവും ശേഖരിച്ച വിവരങ്ങളെ വിശകലനം ചെയ്യുന്നതിനും ഇത് വഴി സാധിക്കും. പന്തലായനി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ ഹ്യുമാനിറ്റീസ് വിഭാഗം വിദ്യാർത്ഥികളാണ് വെതർ സ്റ്റേഷനിലൂടെ വിവര ശേഖരണം നടത്തുക. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, കോഴിക്കോട് ആസ്ഥാനമായ സി.ഡബ്ല്യൂ.ആർ.ഡി.എം, കേരള ദുരന്ത നിവാരണ അതോറിറ്റി എന്നിവരുടെ മാർഗനിർദേശങ്ങളും സഹായ സഹകരണങ്ങളും വെതർ സ്റ്റേഷന് ലഭിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *