ലോക അപസ്മാരദിനത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

ലോക അപസ്മാരദിനത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

കോഴിക്കോട്: ധാരണകളേക്കാളേറെ തെറ്റിദ്ധാരണകളുള്ള രോഗാവസ്ഥയാണ് അപസ്മാരം. ഈ തെറ്റിദ്ധാരണകള്‍ തിരുത്താനും അപസ്മാരത്തെ കുറിച്ചും ചികിത്സാ രീതികളെ കുറിച്ചും അപസ്മാരബാധയുള്ളവരെ ഒറ്റപ്പെടുത്താതിരിക്കേണ്ടതിന്റെ ആവശ്യകതകളെ കുറിച്ചുമെല്ലാം പ്രതിപാദിക്കുന്ന ബോധവത്കരണ പരിപാടി കോഴിക്കോട് സില്‍വര്‍ഹില്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ഗവ. ഗണപത് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ സംഘടിപ്പിച്ചു. ലോക അപസ്മാര ദിനാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ ന്യൂറോസയന്‍സസ് വിഭാഗം ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

അപസ്മാരം ബാധിച്ച വ്യക്തിക്ക് നല്‍കേണ്ട സഹായങ്ങളെ കുറിച്ചും അപസ്മാര ബാധയുള്ളവര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും അപസ്മാരത്തിന്റെ ചികിത്സയെ കുറിച്ചും വിവിധ സെഷനുകളില്‍ കുട്ടികള്‍ക്ക് വിശദീകരിച്ച് നല്‍കി. അപസ്മാര ശസ്ത്രക്രിയ കഴിഞ്ഞവര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ വിശദീകരിക്കുന്ന ലഘുലേഖകളും പുറത്തിറക്കി.

ആസ്റ്റര്‍ മിംസിലെ ന്യൂറോസര്‍ജറി വിഭാഗം മേധാവി ഡോ. ജേക്കബ് ആലപ്പാട്ട്, മധു എ.കെ (പ്രിന്‍സിപ്പല്‍, ഗവ. ഗണപത് മോഡല്‍ ഗേള്‍സ് എച്ച്.എസ്.എസ്), ഡോ. മുരളീ കൃഷ്ണന്‍ (സീനിയര്‍ കണ്‍സല്‍ട്ടന്റ് ന്യൂറോസര്‍ജന്‍), ഡോ. ശ്രീകുമാര്‍ (സീനിയര്‍ കണ്‍സല്‍ട്ടന്റ് ന്യൂറോസര്‍ജന്‍) എന്നിവര്‍ സംസാരിച്ചു. ഡോ. തുഷാര്‍ ക്ലാസുകള്‍ നയിച്ചു. ശ്രീഷ്മ, നിതിന്‍ എന്നിവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റ്ചെയ്തു.

Share

Leave a Reply

Your email address will not be published. Required fields are marked *