കോഴിക്കോട്: ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശമുയര്‍ത്തി ലോകകപ്പിനെ വരവേല്‍ക്കാനായി കാലിക്കറ്റ് പ്രസ് ക്ലബ്ബ് ക്രസന്റ് ഫുട്ബോള്‍ അക്കാദമിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച ഫുട്ബോള്‍ ടൂര്‍ണമെന്റിന് ജെ.ഡി.റ്റി ഗ്രൗണ്ടില്‍ ഉജ്ജ്വല തുടക്കം. ‘ലോകകപ്പ് തന്നെ ലഹരി’ എന്ന പ്രമേയത്തില്‍ മൂന്ന് ദിവസങ്ങളിലായാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.
ഉദ്ഘാടന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് യൂണിറ്റിറ്റ് ക്ലബ് പ്രസ് ക്ലബ്ബിനെ തോല്‍പ്പിച്ചു. അര്‍ഷല്‍ ആണ് രണ്ട് ഗോളുകളും സ്‌കോര്‍ ചെയ്തത്. രണ്ടാം മത്സരത്തില്‍ ജെ.ടി.റ്റി ആര്‍ട്സ് കോളജ് ടീം ഗസ്സ് നയന്‍ സ്പോര്‍ട്സിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. ജസീലാണ് ഗോള്‍ സ്‌കോര്‍ ചെയ്തത്. ഉദ്ഘാടനത്തോടനുബന്ധിച്ച് താരങ്ങളുടെ കട്ടൗട്ട് സ്ഥാപിച്ച് ലോകശ്രദ്ധ നേടിയ പുള്ളാവൂരിലെ ബ്രസീല്‍, അര്‍ജന്റീന ഫാന്‍സ് ടീമുകള്‍ തമ്മിലുള്ള പ്രദര്‍ശനമത്സരവും നടന്നു. മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളുടെ താരങ്ങളും ആരാധകരുമൊന്നിച്ച് ബൈക്ക് റാലി നടത്തിയാണ് മത്സരത്തിനായി ഗ്രൗണ്ടിലേക്കെത്തിയത്.
ടൂര്‍ണമെന്റ് എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ പി.എച്ച് ത്വാഹ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ടി.കെ ചന്ദ്രന്‍, പ്രസ് ക്ലബ് പ്രസിഡന്റ് എം.ഫിറോസ് ഖാന്‍, പി.എം ഫയാസ് സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ മോഹനന്‍ പുതിയോട്ടില്‍ സ്വാഗതവും വി. മൊയ്തീന്‍ കോയ നന്ദിയും പറഞ്ഞു. ഉദ്ഘാടന മത്സരത്തില്‍ ജെ.ഡി.റ്റി വൈസ് പ്രസിഡന്റ് സൂര്യ ഗഫൂര്‍ കളിക്കാരെ പരിചയപ്പെട്ടു. പി.എച്ച് ത്വാഹ, മോഹനന്‍ പുതിയോട്ടില്‍, പി.എം ത്വാഹ, പി.വി നജീബ്, വിധുരാജ്, ഋതികേഷ്, സനോജ് കുമാര്‍ ബേപ്പൂര്‍, ഇ.പി മുഹമ്മദ്, അരവിന്ദ്, പി.പി ജുനൂബ് തുടങ്ങിയര്‍ നേതൃത്വം നല്‍കി. ഞായറാഴ്ച വൈകീട്ട് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുഖ്യാതിഥിയാകും.