യൂസഫലി ഒരുക്കിയ സ്‌നേഹത്തണല്‍ ഇനി ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് സ്വന്തം

യൂസഫലി ഒരുക്കിയ സ്‌നേഹത്തണല്‍ ഇനി ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് സ്വന്തം

  • പതിനഞ്ച് കോടിയിലധികം രൂപ ചെലവഴിച്ച് യൂസഫലി നിര്‍മ്മിച്ച ബഹുനില മന്ദിരം അമ്മമാര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു
  • മാതൃസ്‌നേഹത്തിന്റെ പ്രതീകമായി പുതിയ മന്ദിരം
  • അത്യാധുനിക സൗകര്യങ്ങളോടെയുള്ള മന്ദിരനിര്‍മാണം പൂര്‍ത്തിയായത് മൂന്ന് വര്‍ഷം കൊണ്ട്

പത്തനാപുരം: ഗാന്ധിഭവനിലെ അമ്മമാര്‍ ഇനി അഗതികളല്ല, അനാഥരുമല്ല. എല്ലാവരും ഇനി എം.എ യൂസഫലി ഒരുക്കിയ സ്‌നേഹത്തണലിലെ പ്രിയപ്പെട്ടവര്‍. ഗാന്ധിഭവനിലെ അമ്മമാര്‍ക്കായി പതിനഞ്ച് കോടിയിലധികം രൂപ ചെലവഴിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി നിര്‍മിച്ച ബഹുനില മന്ദിരം ഇനി അമ്മമാര്‍ക്ക് സ്വന്തം. മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ എം.എ യൂസഫലി, ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്റെ സാന്നിധ്യത്തില്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു. തുടര്‍ന്ന് ഇരുവരും ഗാന്ധിഭവനിലെ അന്തേവാസികളായ അമ്മിണി, ഹൗസത്ത് ബീവി, പൊന്നമ്മ എന്നീ അമ്മമാരോടൊപ്പം അകത്തേക്ക് പ്രവേശിച്ചു. അമ്മമാര്‍ ചേര്‍ന്ന് നാട മുറിച്ച് മന്ദിരം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വീല്‍ ചെയറിലായിരുന്ന മാലതി, ബേബി സുജാത എന്നീ അമ്മമാരെ യൂസഫലിയും പുനലൂര്‍ സോമരാജനും ചേര്‍ന്ന് സമീപത്തെ മുറിയിലേക്ക് എത്തിച്ചതോടെ ഗൃഹപ്രവേശച്ചടങ്ങ് പൂര്‍ത്തിയായി.

എല്ലാ പ്രവര്‍ത്തനങ്ങളും ഹൃദയത്തിനുള്ളില്‍ നിന്നാണ് താന്‍ ചെയ്യുന്നതെന്നും അമ്മമാര്‍ക്കുള്ള പുതിയ മന്ദിരവും അങ്ങനെയൊന്നാണെന്നും എം.എ യൂസഫലി മാധ്യമങ്ങളോട് പറഞ്ഞു. മന്ദിരത്തിലെ വൈദ്യുതിക്കും മറ്റ് മെയിന്റനന്‍സ് ജോലികള്‍ക്കുമായി മാസം തോറും വരുന്ന ഒരു ലക്ഷത്തോളം രൂപ താന്‍ ഗാന്ധിഭവന് നല്‍കും. ഇത് തന്റെ മരണശേഷവും തുടരുന്ന രീതിയില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിഭവനിലെ അന്തേവാസികളായ അച്ഛന്മാര്‍ക്ക് വേണ്ടിയും സമാനമായ രീതിയില്‍ മന്ദിരം നിര്‍മിക്കുമെന്ന് യൂസഫലി അറിയിച്ചു. 2019 മേയ് നാലിന് ശിലാസ്ഥാപനം നടത്തി. നിര്‍മാണം ആരംഭിച്ച മന്ദിരത്തില്‍ അത്യാധുനിക സൗകര്യങ്ങളെല്ലാമുണ്ട്. അമ്മമാര്‍ക്ക് പരസഹായമില്ലാതെ ക്രമീകരിക്കാവുന്ന അഡ്ജസ്റ്റബള്‍ സൈഡ് റെയില്‍ കിടക്കകള്‍, ഫര്‍ണീച്ചറുകള്‍, രണ്ട് ലിഫ്റ്റുകള്‍, ലബോറട്ടറി, ഫാര്‍മസി, ലൈബ്രറി, വിനോദസൗകര്യങ്ങള്‍, പ്രാര്‍ത്ഥനാമുറികള്‍, ഡൈനിംഗ് ഹാള്‍, കിടപ്പുരോഗികള്‍ക്ക് പ്രത്യേക പരിചരണസംവിധാനങ്ങള്‍, ഡോക്ടര്‍മാരുടെ പരിശോധനാ മുറികള്‍, തീവ്രപരിചരണ വിഭാഗങ്ങള്‍, ആധുനിക ശുചിമുറി ബ്ലോക്കുകള്‍, മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍, ഓഫിസ് സംവിധാനങ്ങള്‍ എന്നിങ്ങനെയാണിവ. ഒരേസമയം 250 പേര്‍ക്ക് താമസിക്കാം. എം.എ. യൂസഫലിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും. പത്തനാപുരം കുണ്ടയത്ത് കല്ലടയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഗാന്ധിഭവന്‍ അഭയകേന്ദ്രത്തിന് സമീപത്തായി ഒരേക്കര്‍ ഭൂമിയില്‍ 40,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്.

2016 ഓഗസ്റ്റ് മാസം ഗാന്ധിഭവന്‍ സന്ദര്‍ശിച്ച യൂസഫലി അമ്മമാരുടെ ബുദ്ധിമുട്ടുകളും സ്ഥലപരിമിതിയുമെല്ലാം നേരിട്ട് കണ്ട് ബോധ്യപ്പെട്ട അദ്ദേഹം അമ്മമാര്‍ക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ മന്ദിരം നിര്‍മിച്ച് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. കൊവിഡ് പ്രതിസന്ധികാലത്തടക്കം കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഗാന്ധിഭവനിലെ അമ്മമാരുടെയും മറ്റ് അന്തേവാസികളുടെയും ചികിത്സയ്ക്കും ഭക്ഷണത്തിനും മറ്റുമായി ഏഴുകോടിയിലധികം രൂപയുടെ സഹായവും യൂസഫലി നല്‍കി. ഓണത്തിനും റമദാനും വിഷുവിനും ക്രിസ്മസിനുമെല്ലാം ഈ കരുതല്‍ അമ്മമാരെ തേടിയെത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *