- ഗോള്‍ ചലഞ്ച് ഇന്നും നാളെയും
തിരുവന്തപുരം: ഫുട്‌ബോള്‍ ലഹരി നെഞ്ചിലേറ്റി ‘ലഹരിവിമുക്ത കേരള’ത്തിനായി കുടുംബശ്രീയുടെ ഗോള്‍ ചലഞ്ച്. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ കാംപയ്ന്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്നും (19-11-2022) നാളെയും(20-11-2022) സംസ്ഥാനത്തെ മൂന്നു ലക്ഷം അയല്‍ക്കൂട്ടങ്ങളിലെ 46 ലക്ഷം അംഗങ്ങള്‍ ഗോള്‍ ചലഞ്ചില്‍ പങ്കെടുക്കും. ‘മയക്കുമരുന്നിനെതിരേ ഫുട്‌ബോള്‍ ലഹരി’ എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് ‘നോ ടു ഡ്രഗ്‌സ്’ എന്നെഴുതിയ ബാഡ്ജ് ധരിച്ചുകൊണ്ടായിരിക്കും ഗോള്‍ ചലഞ്ചിനായി കുടുംബശ്രീ വനിതകള്‍ അണിനിരക്കുക.
ഗോള്‍ ചലഞ്ചിന്റെ ഭാഗമായി ഗോള്‍ പോസ്റ്റിനു ചുറ്റും ‘നോ ടു ഡ്രഗ്‌സ്’ എന്ന പ്രചരണ ബോര്‍ഡുകള്‍ വയ്ക്കും. കൂടാതെ പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരവും ഫുട്‌ബോള്‍ ക്വിസ് മത്സരവും സംഘടിപ്പിക്കും.
ഓരോ അയല്‍ക്കൂട്ടത്തിലും ഗോളടിക്കുന്നവരുടെ പേരും അടിച്ച ഗോളുകളുടെ എണ്ണവും പ്രത്യേകം രേഖപ്പെടുത്തും. അതത് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കാണ് ഗോള്‍ ചലഞ്ചിന്റെ മേല്‍നോട്ട ചുമതല. സി.ഡി.എസ് തലത്തില്‍ അതത് പ്രദേശത്തെ സ്‌കൂളുകള്‍, ക്ലബുകള്‍ എന്നിവയുമായി ചേര്‍ന്നും ഗോള്‍ ചലഞ്ച് സംഘടിപ്പിക്കുന്നുണ്ട്.
കുടുംബശ്രീ സംസ്ഥാന ജില്ലാമിഷനുകളിലെ ജീവനക്കാര്‍, കുടുംബശ്രീ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, ട്രെയിനിങ് ടീം അംഗങ്ങള്‍ എന്നിവരും ഗോള്‍ ചലഞ്ചിന്റെ ഭാഗമാകും.