കീഴരിയൂര്‍: സംസ്ഥാനത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നീര്‍ത്തടാധിഷ്ഠിത മാതൃകയില്‍ എടുത്ത് നടത്തുന്നതിന് തീരുമാനിച്ചിട്ടുള്ളതാണ്. ഓരോ ഗ്രാമപഞ്ചായത്തിലെയും നീര്‍ച്ചാല്‍ ശൃംഖലകള്‍ കണ്ടെത്തി നീര്‍ച്ചാലുകളിലും അവയുടെ വൃഷ്ടിപ്രദേശങ്ങളിലും അനുയോജ്യമായ പരിപാലനപ്രവൃത്തികള്‍ ഉള്‍പ്പെടുന്ന സമഗ്രമായ പദ്ധതി രേഖ തയ്യാറാക്കി നിര്‍വഹണം നടത്തുന്നതിന് ലക്ഷ്യം വയ്ക്കുന്ന ‘നീരുറവ് ‘പദ്ധതിയുടെ രണ്ടാം ഘട്ട നീര്‍ത്തട നടത്തം ഇന്ന് രാവിലെ 8.30 മണിക്ക് കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ മഠത്തില്‍ താഴെ വച്ച് ആരംഭിച്ചു. പ്രസ്തുത പരിപാടിയില്‍ കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിര്‍മല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെംബര്‍മാരായ രാജന്‍ കെ.സി അമല്‍ സരാഗ, ജലജ ടീച്ചര്‍, മോളി.പി, വി.ഇ.ഒ മോഹനന്‍ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വിഥുല നന്ദി പറഞ്ഞു.
ഈ സാമ്പത്തിക വര്‍ഷത്തോടെ സംസ്ഥാനത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും സമാനമായ രീതിയില്‍ സമഗ്ര പദ്ധതി രേഖ തയ്യാറാക്കി തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നീര്‍ത്തട കേന്ദ്രീകൃതമായി നടത്താനാണ് ഉദ്ദേശിച്ചിട്ടുള്ളത്. ഇതിലൂടെ മണ്ണിനെയും ജലത്തിനെയും സംരക്ഷിക്കാനും ജൈവസമ്പത്ത് വര്‍ദ്ധിപ്പിക്കാനും അതിലൂടെ കാര്‍ഷികാഭിവൃദ്ധിയും ജനങ്ങളുടെ ഉപജീവന സ്ഥിതിയും മെച്ചപ്പെടുത്താനുമാണ് ലക്ഷ്യം വയ്ക്കുന്നത്. കേവലമൊരു തൊഴില്‍ദാന പദ്ധതിയെന്ന നിലയില്‍ നിന്നും മാറി പരിസ്ഥിതി പുനഃസ്ഥാപനത്തിനും കാലാവസ്ഥാ മാറ്റത്തിന്റെ കെടുതികളെ ചെറുക്കുന്നതിനും തൊഴിലുറപ്പു പദ്ധതിയെ സര്‍ഗ്ഗാത്മകമായി പ്രയോജനപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ഒപ്പം തന്നെ കൊവിഡ് കാരണം നടുവൊടിഞ്ഞ സമ്പദ്ഘടനയ്ക്ക് ഉത്തേജനം പകരുവാനും ഗ്രാമീണ കുടുംബങ്ങളുടെ ഉപജീവനാടിത്തറയ്ക്ക് ശക്തി പകരാനും തൊഴിലുറപ്പു പദ്ധതിയുടെ കാര്യക്ഷമമായ നിര്‍വഹണത്തിലൂടെ ലക്ഷ്യമിടുന്നു.