കോഴിക്കോട്: കോഴിക്കോട് കെന്നല്‍ ക്ലബിന്റേയും ട്രിവാന്‍ഡ്രം കെന്നല്‍ ക്ലബിന്റേയും ജര്‍മന്‍ ഷെപ്പേര്‍ഡ് ഡോഗ് കോണ്‍ഫെഡറേഷന്‍ ചാപ്റ്ററിന്റേയും, ലാബ്രഡോര്‍ റിട്രീവര്‍ ക്ലബ് ഓഫ് ഇന്ത്യ കേരള ചാപ്റ്ററിന്റേയും സംയുക്താഭിമുഖ്യത്തില്‍ 26, 27 തിയതികളില്‍ സാമൂതിരി ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍വച്ച് ആഖിലേന്ത്യാ ശ്വാന പ്രദര്‍ശനങ്ങളും ജര്‍മന്‍ ഷെപ്പേര്‍ഡ് ഡോഗ്, ലാബ്രഡോര്‍ പ്രത്യേക പ്രദര്‍ശനങ്ങളും നടക്കുമെന്ന് കോഴിക്കോട് കെന്നല്‍ ക്ലബ് രക്ഷാധികാരി അങ്കത്തില്‍ അജയ്കുമാറും സെക്രട്ടറി എന്‍. സന്തോഷും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രദര്‍ശനം 26ന് രാവിലെ 10 മണിക്ക് കാലിക്കറ്റ് കെന്നല്‍ ക്ലബ് മുന്‍ പ്രസിഡന്റ് പി.വി ഗംഗാധരന്‍ ഉദ്ഘാടനം ചെയ്യും. അങ്കത്തില്‍ അജയ്കുമാര്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍വച്ച് മുതിര്‍ന്ന പ്രവര്‍ത്തകരായ പി.വി ഗംഗാധരന്‍, വിക്ടര്‍ ഗബ്രിയേല്‍, ഡോ. സുകുമാരന്‍ നായര്‍ (തിരുവനന്തപുരം), അനന്തരാമന്‍.കെ.ആര്‍ (പാലക്കാട്), ജയന്‍മേനോന്‍ (പാലക്കാട്), സുകുമാര മാരാര്‍ (കൊച്ചി), മോഹന്‍ദാസ് (ഊട്ടി), എസ്. സീതാറാം (ബാംഗ്ലൂര്‍) എന്നിവരെ ആദരിക്കും. പ്രദര്‍ശനങ്ങള്‍ ജഡ്ജ് ചെയ്യുനത് മോണ്ടിനീഗ്രോയില്‍ നിന്നുള്ള മിയോഡ്രാഗ് വ്രെട്ടനിസിസ്, സാനിയ വ്രെട്ടനിസ്, മാസിഡോണിയയില്‍ നിന്നുള്ള പാന്‍ഷെ ഡെമസ്‌കി, അയര്‍ലന്‍ഡില്‍ നിന്നുള്ള ഹെതര്‍ മാക്‌ഡൊണാള്‍ഡ്, കൊറിയയില്‍ നിന്നുള്ള കിംജാ-ഈയോങ് എന്നിവരാണ്. രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നായി 500ല്‍ അധികം നായകള്‍ പ്രദര്‍ശനത്തിലുണ്ടാകും. പ്രദര്‍ശനത്തിലൂടെ ലഭിക്കുന്ന വരുമാനം ‘പേവിഷ മുക്ത കോഴിക്കോട് ‘ എന്ന പദ്ധതിക്കായി നല്‍കും. ഇതിനകം 200ല്‍ അധികം നായകള്‍ക്ക് കെന്നല്‍ ക്ലബിന്റെ നേതൃത്വത്തില്‍ സൗജന്യ പേവിഷബാധ കുത്തിവയ്പ്പ് നല്‍കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ കെ.പി രാധാകൃഷ്ണന്‍, സജിത്ത് എന്നിവരും പങ്കെടുത്തു.