വി.ആര്‍ കൃഷ്ണയ്യര്‍ സ്റ്റേഡിയം 19ന് കായിക ലോകത്തിന് സമര്‍പ്പിക്കും

വി.ആര്‍ കൃഷ്ണയ്യര്‍ സ്റ്റേഡിയം 19ന് കായിക ലോകത്തിന് സമര്‍പ്പിക്കും

തലശ്ശേരി: ചരിത്രമുറങ്ങുന്ന ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ മെമ്മോറിയല്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് ഇനി പുതിയ മുഖം. നവീകരിച്ച സ്റ്റേഡിയം 19ന് വൈകീട്ട് അഞ്ച് മണിക്ക് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. തലശ്ശേരി ഗുണ്ടര്‍ട്ട് റോഡിലെ 6.2 ഏക്കര്‍ സ്ഥലത്ത് സ്ഥിതിചെയ്യുന്ന 222 വര്‍ഷം പഴക്കമുള്ള സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലാണ് നവീകരിച്ചത്. ഇതിനായി കിഫ്ബി 13 കോടി രൂപ അനുവദിച്ചിരുന്നു. എട്ട് ലൈനോട് കൂടിയ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, ബാസ്‌കറ്റ് ബോള്‍, ഫുട്ബോള്‍ കോര്‍ട്ടുകള്‍, 8000 പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറി, കളിക്കാര്‍ക്ക് വസ്ത്രം മാറാനുള്ള നാല് മുറികള്‍, 250 പേരെ വീതം ഉള്‍ക്കൊളളുന്ന പാര്‍ട്ടി, മീറ്റിംഗ് ഹാളുകള്‍, പൊതുജനങ്ങള്‍ക്കുള്ള ശുചിമുറികള്‍, വി.ഐ.പി ലോഞ്ച്, മീഡിയ റൂം, കളിക്കാര്‍ക്കുള്ള മുറികള്‍, ഓഫീസ് മുറി എന്നിവയാണ് സ്റ്റേഡിയത്തിലുള്ളത്. കായിക വകുപ്പിന് കീഴിലെ സ്പോര്‍ട്സ് കേരള ഫൗണ്ടേഷനാണ് നടത്തിപ്പ് ചുമതല.

സ്റ്റേഡിയം പവലിയന് അന്തരിച്ച മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പേര് നല്‍കും. ഇതിന് സമീപം വാഹനങ്ങള്‍ക്ക് പേ പാര്‍ക്കിങ് സൗകര്യം ഒരുക്കുമെന്ന് സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ ഓപ്പറേഷനല്‍ മാനേജര്‍ ആര്‍.പി രാധിക പറഞ്ഞു. സ്റ്റേഡിയത്തിന് ചുറ്റും ഫെന്‍സിങ് ഒരുക്കും. പ്രഭാത നടത്തത്തിനും മറ്റ് കായിക ആവശ്യങ്ങള്‍ക്കും മൈതാനം ഉപയോഗിക്കാനും മത്സരങ്ങള്‍ നടത്താനും കാര്യക്ഷമമായി പരിപാലിക്കാനും പ്രദേശിക തലത്തില്‍ കമ്മിറ്റി രൂപീകരിക്കും. സ്റ്റേഡിയം പരിപാലകരെയും നിയമിക്കും. 10,000 രൂപയാണ് സ്റ്റേഡിയത്തിന്റെ പ്രതിദിന വാടക. ഇതോടനുബന്ധിച്ചുള്ള അഞ്ച് കടമുറികള്‍ വാണിജ്യാവശ്യത്തിന് വാടകക്ക് നല്‍കാനുള്ള നടപടി പുരോഗമിക്കുകയാണ്. ഓപ്പണ്‍ ജിംനേഷ്യം കൂടി തുടങ്ങാന്‍ ആലോചനയുണ്ടെന്നും ആര്‍.പി രാധിക പറഞ്ഞു. ഗോകുലം കേരളയും ലെജന്റ് കേരളയും തമ്മിലുള്ള പ്രദര്‍ശന ഫുട്ബോള്‍ മത്സരത്തോടെയാണ് സ്റ്റേഡിയം തുറന്നു കൊടുക്കുക. ഉദ്ഘാടന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ അധ്യക്ഷത വഹിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *