കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോ. പ്രൊഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ നിമയിച്ചതില്‍ യു.ജി.സി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
അധ്യാപകര്‍ രാഷ്ട്രനിര്‍മാതാക്കളും വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കേണ്ടവരുമാണ്. വിദ്യാഭ്യാസം ജീവിതത്തിന്റെ അടിസ്ഥാനഘടകമാണ്. നിയമനങ്ങളില്‍ യു.ജി.സി മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും കോടതി വ്യക്തമാക്കി.
പ്രിയയുടെ സേവനകാലവും പ്രവൃത്തി പരിചയവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പ്രിയയുടെ യോഗ്യതകള്‍ അക്കാദമികപരമല്ല. അസോ. പ്രൊഫസര്‍ തസ്തികയിലേക്ക് മതിയയായ പരിചയമില്ല. ഇത് അയോഗ്യതയാണെന്നും കോടതി നിരീക്ഷിച്ചു.
പ്രിയ വര്‍ഗീസിനെ യുജിസി ചട്ടം ലംഘിച്ചാണ് കണ്ണൂര്‍ സര്‍വകലാശാല മലയാളം അസോ. പ്രൊഫസര്‍ തസ്തിക നിയമനത്തിനുള്ള താല്‍ക്കാലിക റാങ്ക് പട്ടികയില്‍ ഒന്നാമതാക്കിയതെന്നും പട്ടികയില്‍ നിന്ന് പ്രിയയെ നീക്കണമെന്നുമാവശ്യപ്പെട്ട് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ചങ്ങനാശ്ശേരി എസ്.ബി കോളജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്‌കറിയ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി വിധി. ഹരജിയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം നേരത്തെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. തുടര്‍ച്ചയായ രണ്ടുദിവസം വാദം കേട്ട ശേഷമാണ് കേസില്‍ ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്.