കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമിക്കുന്നതിനെതിരായ ഹരജിയില്‍ വിധി ഇന്ന്. ഹൈക്കോടതി ജസ്റ്റിസ് ദേവന് രാമചന്ദ്രന് ആണ് ഉച്ചയ്ക്ക് 1.45ന് വിധി പറയുക.
പ്രിയ വര്‍ഗീസിനെ യുജിസി ചട്ടം ലംഘിച്ചാണ് റാങ്ക് പട്ടികയില്‍ ഒന്നാമതാക്കിയതെന്നും പട്ടികകയില്‍ നിന്ന് പ്രിയയെ നീക്കണമെന്നുമാണ് രണ്ടാം റാങ്കുകാരനായ പ്രൊഫ. ജോസഫ് സ്കറിയയുടെ ആവശ്യം. യുജിസി ചട്ടപ്രകാരം മാത്രമേ പ്രിയ വര്‍ഗീസിന്റെ നിയമനവുമായി മുന്നോട്ട് പോകാന്‍ കഴിയുവെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ച്ചയായ രണ്ടു ദിവസം വാദം കേട്ട ശേഷമാണ് കേസില്‍ ഹൈക്കോടതി വിധി പറയുന്നത്.
പ്രിയ വര്‍ഗീസിന് മതിയായ യോഗ്യതയില്ലെന്നാണ് യുജിസിയും കോടതിയെ അറിയിച്ചിട്ടുള്ളത്. അതേസമയം പ്രിയ വര്‍ഗീസ് മതിയായ അധ്യാപന പരിചയമുണ്ടെന്നും നിയമനം നടത്തിയിട്ടില്ലാത്തതിനാല്‍ ഇപ്പോള്‍ ഹരജി നിലനില്‍ക്കില്ലെന്നുമാണ് സര്‍വകലാശാല നിലപാട്. എന്നാല്‍, എന്‍.എസ്.എസ് കോ ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ കുഴി വെട്ടുമ്പോള്‍ അത് അധ്യാപന പരിചയമായി കണക്കാക്കാന്‍ കഴിയില്ലെന്ന് സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചിരുന്നു.
ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റ്സ് സര്‍വീസ്, എന്‍.എസ്.എസ് കോ-ഓഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവൃത്തിക്കുമ്പോള്‍ ക്ലാസ് എടുത്തിരുന്നോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്കാന് പ്രിയ വര്‍ഗീസിന് കഴിയാതിരുന്നതോടെയാണ് കോടതി വിമര്‍ശനമുണ്ടായത്. തുടര്‍ന്നാണ് വാദം പൂര്‍ത്തിയാക്കി ഹരജി വിധി പറയാന്‍ മാറ്റിയത്.