കോഴിക്കോട്: കാലിക്കറ്റ് പ്രസ്‌ക്ലബ് സുവര്‍ണജൂബിലിയോടനുബന്ധിച്ച് തുടങ്ങുന്ന പ്രഭാഷണപരമ്പരയുടെ ഉദ്ഘാടനവും മാധ്യമ അവാര്‍ഡുകളുടെ വിതരണവും നവംബര്‍ 20ന് നടക്കും. രാവിലെ 10.15ന് അളകാപുരി ഓഡിറ്റോറിയത്തില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ‘മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ കരുത്ത്’ എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തും. പ്രസ്‌ക്ലബിന്റെ തെരുവത്ത് രാമന്‍ പുരസ്‌കാരം, മുഷ്താഖ് സ്പോര്‍ട്സ് ഫോട്ടോഗ്രഫി പുരസ്‌കാരം, പി. ഉണ്ണികൃഷ്ണന്‍ പുരസ്‌കാരം എന്നിവയും ചടങ്ങില്‍ സമ്മാനിക്കും. യഥാക്രമം വി.എം ഇബ്രാഹീം (എഡിറ്റര്‍, മാധ്യമം), സുമേഷ് കോടിയത്ത് (ഫോട്ടോഗ്രാഫര്‍, ദേശാഭിമാനി), ടി.വി. പ്രസാദ് (ചീഫ് റിപ്പോര്‍ട്ടര്‍, ഏഷ്യാനെറ്റ് ന്യൂസ്) എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി.ജെ ജോഷ്വ രചിച്ച ‘മീഡിയ, സത്യം, സത്യാനന്തരം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ഇതേ വേദിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍വഹിക്കും. എഴുത്തുകാരന്‍ കല്‍പറ്റ നാരായണന്‍ പുസ്തകം ഏറ്റുവാങ്ങും.