തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക മന്ത്രാലയം ഏര്‍പ്പെടുത്തിയ വിവര്‍ത്തനത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് ഡോ. ആര്‍സുവിന് സമ്മാനിച്ചു. ഭാരത് ഭവന്‍ അങ്കണത്തില്‍ ചേര്‍ന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രിയില്‍ നിന്ന് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങി. മലയാളഭാഷ വളര്‍ച്ചയുടെ തലങ്ങളിലേക്ക് എത്തുവാന്‍ വിവര്‍ത്തനങ്ങള്‍ വളരെ സഹായകമായിട്ടുണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. അടൂര്‍ ഗോപാലകൃഷ്ണന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ലോകത്തെ സമഗ്രമായി കാണാന്‍ മലയാളികളെ തുണച്ചത് പല കാലങ്ങളില്‍, പല ഭാഷകളില്‍ നിന്ന് വന്ന വിവര്‍ത്തനങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജൂറി കമ്മിറ്റി അംഗം ഡോ. ജോര്‍ജ് ഓണക്കൂര്‍ പ്രൊഫ. ഒലീന എന്നിവര്‍ ആശംസകളര്‍പ്പിച്ചു. വിവര്‍ത്തനം വിശ്വബോധവും ദേശീയ ബോധവും പുഷ്ടിപ്പെടുത്തുവാനുള്ള വിശാലമായ വീഥിയാണെന്നും മലയാളത്തിന്റെ വളര്‍ച്ചയില്‍ പൂര്‍വ്വസൂചികളായ വിവര്‍ത്തകര്‍ അനുഷ്ഠിച്ച സേവനം അടയാളപ്പെടുത്താന്‍ നമുക്ക് സാധിക്കണമെന്നും ഡോ.ആര്‍സു മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഭാരതീയ സാഹചര്യത്തില്‍ ഭാഷകളെ വിവര്‍ത്തനത്തിലൂടെ ഏകോപിപ്പിക്കുന്നതില്‍ മുഖ്യ കണ്ണിയായി നില്‍ക്കുന്ന ഹിന്ദിക്ക് കരുത്തേകാന്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പയ്യന്നൂര്‍ കുഞ്ഞ് രാമന്‍, റോസി തമ്പി എന്നിവര്‍ തെരഞ്ഞെടുത്ത കൃതികള്‍ക്കുള്ള അവാര്‍ഡ് ഏറ്റുവാങ്ങി.