തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരെ കത്ത് വിവാദത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നഗരസഭയിലേക്ക് ഷാഫി പറമ്പില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പോലിസും പ്രവര്‍ത്തകരും നേര്‍ക്കുനേരെയെത്തിയതോടെ തിരുവനന്തപുരം നഗരസഭാ പരിസരം യുദ്ധക്കളമായി. കല്ലേറില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ പ്രസംഗം കഴിഞ്ഞ ഉടന്‍ തന്നെ സംഘര്‍ഷമുണ്ടായി. കോര്‍പറേഷന്‍ കവാടത്തിന് സമീപം സ്ഥാപിച്ച ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലിസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
മാര്‍ച്ചിനിടെ പോലിസിന് നേരെ പിറകില്‍ നിന്നും കല്ലേറുണ്ടായി. പിന്നാലെ പോലിസ് ജലപീരങ്കിയും ലാത്തിച്ചാര്‍ജും നടത്തി. ഇടയില്‍ ടിയര്‍ ഗ്യാസും പ്രയോഗിച്ചു. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് പരിസരത്ത് നിന്നാണ് കല്ലേറുണ്ടായതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ഹോസ്റ്റലിനുള്ളിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് കല്ലേറിന് പിന്നിലെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. കല്ലേറുണ്ടായതോടെ ഹോസ്റ്റലിനുള്ളിലേക്ക് തള്ളി കയറാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലിസിടപെട്ട് പിന്തിരിപ്പിച്ചതോടെയാണ് വലിയ സംഘര്‍ഷം ഒഴിവായത്.