കൊല്ലം: കേരളത്തിലെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് രണ്ടാംഘട്ട റാലിക്ക് കൊല്ലത്ത് തുടക്കമായി. കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ആരംഭിച്ചു. ബംഗളൂരു സോണ്‍ ഡി.ഡി.ജി ബ്രിഗേഡിയര്‍ എ.എസ് വിലമ്പേയുടെയും ജില്ലാ പോലിസ് കമ്മീഷണര്‍ മെറിന്‍ ജോസഫിന്റെയും സാന്നിധ്യത്തില്‍ കൊല്ലം കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു.
തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലെ ഉദ്യോഗാര്‍ഥികളാണ് റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കുക. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡിനൊപ്പം ഒര്‍ജിനല്‍ രേഖകളും ഹാജരാക്കണം. 17 മുതല്‍ 24 വരെയാണ് റാലി നടക്കുക. വ്യാജ റിക്രൂട്ട്‌മെന്റ് വാഗ്ദാനങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും ഇത്തരത്തില്‍ സമീപിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ പോലിസ് സ്‌റ്റേഷനിലൊ ആര്‍മി യൂണിറ്റിലോ റാലി സ്ഥലത്തോ അറിയിക്കണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഓണ്‍ലൈനായി 25,367 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ 2000 ഉദ്യോഗാര്‍ഥികളെയാണ് ആദ്യദിനം പങ്കെടുപ്പിക്കുന്നത്. വടക്കന്‍ കേരളത്തിലെ റിക്രൂട്ട്‌മെന്റ് നടപടികള്‍ കോഴിക്കോട് വച്ച് നടന്നിരുന്നു.