കോഴിക്കോട് (മാവൂര്‍): പെരുവയല്‍ പഞ്ചായത്തില്‍ പൊതുശ്മശാനം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എന്‍.ഡി.പി യോഗം മാവൂര്‍ യൂണിയന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ധര്‍ണ എസ്.എന്‍.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. മരണാനന്തരചടങ്ങുകള്‍ നിര്‍വഹിക്കപ്പെടാനുള്ള സൗകര്യം ഉപയോഗപ്പെടുത്തുന്നത് വ്യക്തിയുടെ മൗലിക അവകാശമാണ് ഇത് നിഷേധിക്കപ്പെടുന്നത് പ്രതിഷേധാര്‍ഹമാണെന്ന് അരയക്കണ്ടി സന്തോഷ് പറഞ്ഞു. ആവശ്യങ്ങള്‍ക്ക് അനുകൂല നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ രണ്ടാംഘട്ട സമരം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
യൂണിയന്‍ പ്രസിഡന്റ് പി.സി അശോകന്‍ അധ്യക്ഷത വഹിച്ചു. എസ്.എന്‍.ഡി.പി യോഗം ഡയറക്റ്റര്‍ ബോര്‍ഡ് അംഗം ബാബു പൂതംപാറ മുഖ്യപ്രഭാഷണം നടത്തി. ഗിരി പാമ്പനാല്‍, സുനില്‍ കുമാര്‍, ഷീന കോളായി താഴം, കെ. നിതിനി , സുരേഷ് കുറ്റിക്കാട്ടൂര്‍, ഷീജ മയനാട് എന്നിവര്‍ സംസാരിച്ചു.
മാവൂര്‍ യുണിയന്‍ സെക്രട്ടറി എം. സത്യന്‍ മാസ്റ്റര്‍ സ്വാഗതവും യൂണിയന്‍ വൈസ് പ്രസിഡന്റ് എന്‍. ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് യൂണിയന്‍ ഭാരവാഹികള്‍ പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡന്റിനും നിവേദനം നല്‍കി.