നോട്ട് നിരോധനം റിസര്‍വ് ബാങ്കിന്റെ നിര്‍ദേശപ്രകാരം; സുപ്രീം കോടതിയില്‍ കേന്ദ്രത്തിന്റെ സത്യവാങ്മൂലം

നോട്ട് നിരോധനം റിസര്‍വ് ബാങ്കിന്റെ നിര്‍ദേശപ്രകാരം; സുപ്രീം കോടതിയില്‍ കേന്ദ്രത്തിന്റെ സത്യവാങ്മൂലം

ന്യൂഡല്‍ഹി: 2016ല്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനത്തെ ന്യായീകരിച്ച് കേന്ദ്രസര്‍ക്കാര്‍. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസില്‍ വിശദമായ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ റിസര്‍വ് ബാങ്കിനും കേന്ദ്ര സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കേന്ദ്രം ഇന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. നോട്ട് നിരോധനത്തിന് ശേഷം ആറ് വര്‍ഷം പിന്നിട്ടിട്ടും ജനങ്ങളുടെ കൈവശമുള്ള കറന്‍സി നോട്ടുകള്‍ വര്‍ധിച്ചെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധനത്തെ ന്യായീകരിച്ച് രംഗത്തെത്തിയത്. പാര്‍ലമെന്റ് നല്‍കിയ അധികാരം വിനിയോഗിച്ചാണ് സര്‍ക്കാര്‍ രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയത്. എന്നാല്‍, റിസര്‍വ് ബാങ്കിന്റെ ശുപാര്‍ശ അനുസരിച്ചാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
സമാന്തര സാമ്പത്തിക രംഗത്തെ നിയന്ത്രിക്കാനായി റിസര്‍വ് ബാങ്കിന്റെ ശുപാര്‍ശ അനുസരിച്ചാണ് രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയതെന്നും നോട്ട് നിരോധനം സര്‍ക്കാരിന്റെ ഒറ്റപ്പട്ട സാമ്പത്തിക നയമല്ലെന്നുമാണ് കേന്ദ്രം അവകാശപ്പെടുന്നത്. രാജ്യത്തെ സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്താനുള്ള നടപടികളുടെ ഭാഗമാണ് നോട്ട് നിരോധനമെന്നും കേന്ദ്രം വിശദീകരിച്ചു.നോട്ട് നിരോധനത്തിനെതിരായ ഹരജി നിലവില്‍ ഭരണഘടന ബെഞ്ചിന്റെ പരിഗണനയിലാണ്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമയം നീട്ടി ചോദിച്ചിരുന്നു. എന്നാല്‍, ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച് ജസ്റ്റിസ് ബി.വി നാഗരത്‌ന ഒരു ഭരണഘടന ബെഞ്ച് ഈ കാരണത്താല്‍ ഇങ്ങനെ കേസ് മാറ്റിവെക്കാറില്ലെന്നും ഇത് ലജ്ജാകരമായ നടപടിയാണെന്നും പറഞ്ഞു. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. ഒടുവില്‍, കേന്ദ്രത്തിന്റെ ആവശ്യം പരിഗണിച്ച് കേസ് നവംബര്‍ 24ലേക്ക് മാറ്റി.

കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലത്തിലെ ന്യൂനതകള്‍ മുന്‍ ധനകാര്യ മന്ത്രി കൂടിയായ പി.ചിദംബരം ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. നോട്ട് നിരോധനത്തെ ചോദ്യം ചെയ്തു 58 ഹരജികളാണ് സുപ്രീംകോടതിയില്‍ എത്തിയത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിച്ചത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഹരജികളില്‍ ആരോപിക്കുന്നു. കഴിഞ്ഞ ആഴ്ച പുറത്ത് വന്ന ആര്‍.ബി.ഐയുടെ റിപ്പോര്‍ട്ടില്‍ 2016 നവംബര്‍ എട്ടിന് നോട്ട് നിരോധിക്കുമ്പോള്‍ രാജ്യത്തെ പൗരന്മാരുടെ കൈയ്യിലുള്ളതിനേക്കാള്‍ 71.84% ശതമാനം നോട്ടുകള്‍ കൂടുതലുണ്ടെന്നായിരുന്നു. 2022 ഒക്ടോബര്‍ വരെയുള്ള കണക്ക് അനുസരിച്ച് ജനങ്ങളുടെ കൈയ്യില്‍ 30.88 ലക്ഷം കോടി രൂപയോളം കറന്‍സി നോട്ടുകള്‍ ഉണ്ടെന്നും റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *