നാദാപുരം: കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ ചിക്കന്‍ സ്റ്റാളില്‍ ചത്ത കോഴികളെ വില്‍പനക്ക് വച്ച സംഭവത്തിന്റെ അടിസ്ഥാനത്തില്‍ നാദാപുരം പഞ്ചായത്തിലെ വിവിധ ചിക്കന്‍ സ്റ്റാളുകളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗവും ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗവും സംയുക്തമായി പ്രത്യേക പരിശോധന നടത്തി. കല്ലാച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ബിസ്മില്ല ചിക്കന്‍ സ്റ്റാള്‍, മദീനാ ചിക്കന്‍ സ്റ്റാള്‍, സി.പി.ആര്‍ ചിക്കന്‍ സ്റ്റാള്‍, മനോളി ചിക്കന്‍ സ്റ്റാള്‍, അസ്മാ ചിക്കന്‍ സ്റ്റാള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ആവശ്യമായ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍, ആരോഗ്യ ശുചിത്വ മാനദണ്ഡങ്ങള്‍ എന്നിവ പാലിക്കാത്തതിന് സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി. പരിശോധനയില്‍ നാദാപുരം സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷ ഓഫിസര്‍ ഫെബിന മുഹമ്മദ് ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ് ബാബു എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുന്നതാണ് എന്ന് അധികൃതര്‍ അറിയിച്ചു.