മാഹി: കലകളുടെ സംഗമ ഭൂമികയായ മയ്യഴിപ്പുഴയുടെ തീരത്തെ മലയാള കലാഗ്രാമത്തില്‍ കഥയുടെ കുലപതി ടി.പത്മനാഭന്റെ വെങ്കല ശില്‍പ്പം സ്ഥാപിക്കുന്നു. മദിരാശിയിലെ പ്രമുഖ വ്യവസായിയും മാഹി കലാഗ്രാമം മാനേജിങ് ട്രസ്റ്റിയുമായ എ.പി കുഞ്ഞിക്കണ്ണന്റെ താല്‍പര്യത്തില്‍ പ്രമുഖ ശില്‍പ്പി മനോജ് കുമാറാണ് അര്‍ദ്ധകായ വെങ്കല ശില്‍പ്പമൊരുക്കിയത്. 96 കാരനായ എ.പിക്കും 94 കാരനായ ടി.പത്മനാഭനും തമ്മില്‍ ഏഴ് പതിറ്റാണ്ട് നീളുന്ന ആത്മസൗഹൃദമുണ്ട്. മലയാള കലാഗ്രാമത്തിന്റെ ആദരസമര്‍പ്പണമെന്നോണമാണ് കലാഗ്രാമത്തിന്റെ സംസ്ഥാപനത്തിന് വഴികാട്ടിയായി ഇന്നോളം നിന്ന ടി.പത്മനാഭന്റെ ശില്‍പം അനാച്ഛാദനം ചെയ്യുന്നത്.
നവംബര്‍ 21ന് രാവിലെ 11.30ന് മാഹി മലയാള കലാഗ്രാമത്തില്‍ വിശ്വപൗരന്‍ ഡോ: ശശി തരൂര്‍ എം.പി പ്രതിമ നാടിന് സമര്‍പ്പിക്കും. ടി. പത്മനാഭന്റെ മഹനീയ സാന്നിധ്യത്തിലാണ് ശില്‍പ്പത്തിന്റെ അനാച്ഛാദന കര്‍മ്മം നിര്‍വഹിക്കുക. അക്ഷരകലയുടെ അമൃതസാഫല്യമായ ടി.പത്മനാഭന്റെ അക്ഷരങ്ങളിലൂടെ അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങള്‍ കഥാസന്ദര്‍ഭങ്ങള്‍ എന്നിവ ഇതിവൃത്തമാക്കി പ്രമുഖരായ 20 ചിത്രരചയിതാക്കള്‍ വരകളിലൂടെയും വര്‍ണങ്ങളിലൂടെയും പുനരാവിഷ്‌ക്കാരം നടത്തുന്ന ചിത്രകലാക്യാംപിന്റെ ഉദ്ഘാടനം നവംബര്‍ 19ന് രാവിലെ 10 മണിക്ക് ഡോ: മഹേഷ് മംഗലാട്ടിന്റെ അധ്യക്ഷതയില്‍ ടി. പത്മനാഭന്‍ കലാഗ്രാമത്തില്‍ നിര്‍വഹിക്കും.
ചിത്രകലാ ക്യാംപിലെ രചനകളുടെ പ്രദര്‍ശനോദ്ഘാടനം മലയാള കലാഗ്രാമത്തിലെ എം.വി ദേവന്‍ ആര്‍ട് ഗ്യാലറിയില്‍ ടി.പത്മനാഭനും കലാഗ്രാമം മാനേജിങ് ട്രസ്റ്റി എ.പി .കുഞ്ഞിക്കണ്ണനും നവംബര്‍ 21ന് രാവിലെ 10 മണിക്ക് നിര്‍വഹിക്കും. 21ന് രാവിലെ 11.30ന് നടക്കുന്ന ആദരസമ്മേളനം ഡോ: എ.പി ശ്രീധരന്റെ അധ്യക്ഷതയില്‍ നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസിര്‍ ഉദ്ഘാടനം ചെയ്യും. ഡോ. ശശി തരൂര്‍ എം.പി മുഖ്യാതിഥിയാവും. എം.കെ രാഘവന്‍ എം.പി മുഖ്യാതിഥിയായിരിക്കും. ടി.പത്മനാഭന്‍ ‘കഥയും ജീവിതവും’ എന്ന വിഷയത്തില്‍ നാരായണന്‍ കാവുമ്പായി പ്രഭാഷണം നടത്തും. മാനേജിങ് ട്രസ്റ്റി എ.പി കുഞ്ഞിക്കണ്ണന്‍, ടി. പത്മനാഭന്‍, കെ.എ ജോണി, അര്‍ജ്ജുന്‍ പവിത്രന്‍ സംസാരിക്കും. ശില്‍പ്പി മനോജ് കുമാറിനെ ആദരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ഡോ: എ.പി ശ്രീധരന്‍, ജനറല്‍ കണ്‍വീനര്‍ ഡോ: മഹേഷ് മംഗലാട്ട്, കലാഗ്രാമം അഡ്മിനിസ്‌ട്രേറ്റര്‍ പി. ജയരാജന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ചാലക്കര പുരുഷു, സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍ ഡോ: വി.കെ വിജയന്‍, കലാഗ്രാമം പി.ആര്‍.ഒ എം.ഹരീന്ദ്രന്‍ സംബന്ധിച്ചു.