ബാലി: ഇത് യുദ്ധത്തിന്റെ നൂറ്റാണ്ടല്ലെന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ജി 20 പ്രഖ്യാപനം. നയതന്ത്ര തലത്തിലൂടെ വേണം പ്രശ്‌നപരിഹാരം എന്ന ഇന്ത്യന്‍ നിലപാടും ജി20 പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തി.
രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികള്‍ കണ്ട അക്കാലത്തെ നേതാക്കള്‍ സമാധാനത്തിനായി പ്രയത്‌നിച്ചു. ഇപ്പോള്‍ നമ്മുടെ ഊഴമാണെന്നായിരുന്നു ലോകനേതാക്കളോടുള്ള മോദിയുടെ ആഹ്വാനം. ബുദ്ധന്റെയും ഗാന്ധിയുടെയും നാട്ടില്‍ അടുത്ത ഉച്ചകോടി നടക്കുമ്പോള്‍ സമാധാനത്തിന്റെ ശക്തമായ സന്ദേശം നല്‍കാന്‍ കഴിയണമെന്നും മോദി പറഞ്ഞു. യുദ്ധം അവസാനിപ്പിച്ച് നയതന്ത്രതലത്തില്‍ റഷ്യ – യുക്രൈന്‍ പ്രശ്‌നത്തിനുള്ള പരിഹാരം കണ്ടെത്തണമെന്ന നിലപാടാണ് ജി20 അധ്യക്ഷ പദവി ഏറ്റെടുക്കാനിരിക്കെ ഇന്ത്യ ആവര്‍ത്തിച്ചത്. ഡിസംബര്‍ ഒന്നുമുതലാണ് ജി20 യോഗത്തിന്റെ അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് തുടങ്ങിയവരുമായി ജി20 ഉച്ചകോടിക്കിടെ മോദി ചര്‍ച്ച നടത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിനേയും മോദി യോഗത്തിനിടെ കണ്ടു. ആഗോള വെല്ലുവിളി നേരിടാന്‍ ഐക്യരാഷ്ട്ര സഭക്ക് കഴിയുന്നില്ലെന്ന വിമര്‍ശനവും ഉച്ചകോടിയില്‍ മോദി ഉന്നയിച്ചു. ഇന്ത്യക്ക് ഗുണകരമായ ചര്‍ച്ചകള്‍ ജി 20 ഉച്ചകോടിയിലുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യയിലേക്ക് പുറപ്പെടും മുന്‍പുള്ള സന്ദേശത്തില്‍ പറഞ്ഞിരുന്നു. ജി 20 രാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.