കോഴിക്കോട്: കേരള റോളര്‍ സ്‌കേറ്റിങ് അസോസിയേഷന്‍ ഈമാസം നാലു മുതല്‍ 14 വരെ ഇടുക്കി, ആലപ്പുഴ, വടകര, കോഴിക്കോട് എന്നിവിടങ്ങളില്‍ നടത്തിയ സംസ്ഥാന കേഡറ്റ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, മാസ്റ്റേഴ്‌സ് റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. റോളര്‍ ഹോക്കി മത്സരങ്ങള്‍ തൊടുപുഴ മുനിസിപ്പല്‍ റോളര്‍ സ്‌കേറ്റിങ് റിങ്കിലും ഇന്‍ലൈന്‍ ഫ്രീസ്‌റ്റൈല്‍, ആര്‍ട്ടിസ്റ്റിക് മത്സരങ്ങള്‍ ആലപ്പുഴ വളവനാട് ആല്‍പൈറ്റ് സ്‌പോര്‍ട്‌സ് സെന്ററിലും റിങ്ക് റെയ്സ് വടകര നാരായണ്‍ നഗര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും റോഡ് റെയ്സ് കോഴിക്കോട് സൈബര്‍ പാര്‍ക്ക് റോഡിലും സ്‌കേറ്റ് ബോര്‍ഡിങ്, ആല്‍പൈന്‍, ഡൗണ്‍ഹില്‍, റോളര്‍ സ്‌കൂട്ടര്‍, റോളര്‍ ഫ്രീസ്‌റ്റൈല്‍ മത്സരങ്ങള്‍ കൂടത്തുംപാറ സ്‌കേറ്റ് പാര്‍ക്കിലും നടത്തി.
14 ജില്ലകളില്‍ നിന്നായി ദേശീയ അന്തര്‍ദേശീയ, നാഷണല്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ ഉള്‍പ്പെടെ ആയിരത്തോളം സ്‌കേറ്റിങ് താരങ്ങള്‍ പങ്കെടുത്തു. അഞ്ചു വയസിന് മുകളില്‍ പ്രായമുള്ള ആണ്‍-പെണ്‍ താരങ്ങള്‍ മുതല്‍ 30ന് മുകളിലുള്ളവര്‍വരെ മത്സരത്തിനുണ്ടായിരുന്നു. കെ.എല്‍ ജോസഫ്, കെ.കെ പ്രതാപന്‍, ഒ.രാജഗോപാല്‍ തുടങ്ങിയവര്‍ വിവിധ ജില്ലകളില്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിരീക്ഷകരായി പങ്കെടുത്തു. സംസ്ഥാന കോച്ചിങ് ക്യാമ്പിന് ശേഷം ഡിസംബര്‍ 11 മുതല്‍ 22 വരെ ബെംഗളൂരില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള സംസ്ഥാന ടീമിനെ തിരഞ്ഞെടുക്കുമെന്ന് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.