രവി കൊമ്മേരി
ഷാര്‍ജ: 41ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് കൊടിയിറങ്ങി. കഴിഞ്ഞ 12 നാളുകളായി അക്ഷരങ്ങളുടെ ലോകത്ത് മാത്രമായിരുന്നു ഷാര്‍ജ നഗരം. പുസ്തകങ്ങളിലൂടെ ലോകത്തെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്ന ഷാര്‍ജയുടെ ഭരണാധികാരിയും, യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഹിസ്സ് ഹൈനസ് ഡോക്ടര്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നവംമ്പര്‍ രണ്ടിന് ഔപചാരികമായി ഉദ്ഘാടനം ചെയ്ത പുസ്തകമേള 12 ദിവസങ്ങളിലായി പുസ്തക വില്‍പ്പനയും വായനയും ആട്ടവും പാട്ടും, ലോകത്തിലെ പ്രഗത്ഭരായ മഹത് വ്യക്തികളുടെ സാന്നിദ്ധ്യവും കൊണ്ട് വിസ്മയകരമായി നടന്നു വരികയായിരുന്നു.
ലോകത്തിലെ ഒന്നാം നമ്പര്‍ പുസ്തകമേളയായി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള മാറിയിരിക്കുന്നു. പുസ്തക വില്‍പ്പനയില്‍ ഉണ്ടായ വര്‍ധനയും, ആളുകളുടെ അതിപ്രസരവും പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. നൂറു കണക്കിന് പുസ്തക പ്രസാധകര്‍ അണിനിരന്ന പുസ്തകോത്സവത്തില്‍ ഇരുന്നൂറില്‍പ്പരം പുസ്തകങ്ങള്‍ ഇന്ത്യന്‍ പവലിയനിലെ റൈറ്റേഴ് ഫോറത്തില്‍ മാത്രം പ്രകാശനം ചെയ്യപ്പെട്ടിരുന്നു. മറ്റ് രാജ്യങ്ങളുടെ പവലിയനുകളില്‍ നിരവധി പ്രകാശനച്ചടങ്ങുകള്‍ വേറെയും.
എഴുത്തിന്റെ ലോകത്തേക്ക് പുതിയ പുതിയ എഴുത്തുകാരും, പ്രത്യേകിച്ച് കൊച്ചു കട്ടികള്‍ കടന്നു വരുന്ന കാഴ്ച്ചയാണ് നമ്മള്‍ ഇവിടെ കാണുന്നത്. വളരെ മനോഹരമായ സൃഷ്ടികളാണ് ഇവരില്‍ നിന്ന് പിറക്കുന്നത് എന്നതാണ് ഇത്രയധികം പ്രസാധകരെ ഇവിടേക്ക് എത്തിക്കുന്നത് കാണുമ്പോള്‍ മനസ്സിലാകുന്നത്. ഇക്കഴിഞ്ഞ കൊറോണ കാലഘട്ടം നിരവധി പുതിയപുസ്തകങ്ങളുടെ പിറവിക്ക് കാരണമായി എന്നതാണ് കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത്.
വന്‍ വിജിയമായി മാറിയ ഈ വര്‍ഷത്തെ ഷാര്‍ജ പുസ്തകമേളയ്ക്ക് കൊടിയിറങ്ങുമ്പോള്‍, അത് ലോകത്തിനു മുന്നില്‍ യു.എ.ഇയെ വീണ്ടും അടയാളപ്പെടുത്തുമ്പോള്‍ ഷാര്‍ജയുടെ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഹിസ്സ് ഹൈനസ് ഡോക്ടര്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്കും പുസ്തകോത്സവ അതോറിറ്റിക്കും സ്‌നേഹത്തിന്റെ ഭാഷയില്‍ ഒരായിരം നന്ദി പറഞ്ഞുകൊണ്ട് ഇനി ഒരു വര്‍ഷത്തെ കാത്തിരിപ്പ് തുടരാം.