ദുബൈ: വടുക സമുദായ സാംസ്‌കാരിക സമിതി യു.എ.ഇ യൂണിറ്റിന്റെ പത്താം വാര്‍ഷികവും കുടുംബസംഗമവും ദുബായ് ഖിസൈസിലെ കാലിക്കറ്റ് ഹൗസ് റെസ്റ്റോറന്റില്‍വച്ച് നടന്നു. യൂണിറ്റ് പ്രസിഡന്റ് രാജു എരിമയൂര്‍ അധ്യക്ഷത വഹിച്ചു. വി.കെ.ശ്രീകണ്ഠന്‍ എം.പി യോഗത്തില്‍ മുഖ്യാതിഥിയായി. വി.എസ്.എസ്.എസിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എപ്പോഴും കൂടെയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പൊന്നാടയും മെമന്റോയും നല്‍കി ഭാരവാഹികള്‍ അദ്ദേഹത്തെ ആദരിച്ചു.
ഏബല്‍ വിസാക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ഐസക് വര്‍ഗീസ് (ഫോര്‍ച്യൂണ്‍ ഗ്രൂപ്പ്) ആശംസ നേര്‍ന്നു. ഐസക് വര്‍ഗീസിനെ പൊന്നാടയും മെമന്റോയും നല്‍കി യൂണിറ്റ് ആദരിച്ചു. അബുദാബി യൂണിറ്റ് സെക്രട്ടറി സുനു കൊട്ടോട്, യൂണിറ്റ് ജോ.സെക്രട്ടറി രമേഷ് കഞ്ചിക്കോട് ആശംസാ പ്രസംഗം നടത്തി. മുന്നോക്ക സംവരണ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന നയങ്ങള്‍ക്കെതിരേ സമിതി പ്രമേയം പാസാക്കി.
നീണ്ട 15 വര്‍ഷത്തെ പ്രവാസജീവിതം പൂര്‍ത്തിയാക്കിയ മുതിര്‍ന്ന മെമ്പറെ പൊന്നാട അണിയിച്ച് ആദരിച്ചു. ഷാര്‍ജ യൂണിറ്റ് സെക്രട്ടറി ഗണേശ് കടുക്കാംകുന്നം സ്വാഗതം പറഞ്ഞു. പ്രവര്‍ത്തന റിപ്പോര്‍ട്ട് ഗോപി ആലത്തൂരും (വൈസ് പ്രസിഡന്റ്) സാമ്പത്തിക റിപ്പോര്‍ട്ട് ബാലകൃഷ്ണന്‍ തേനൂരും അവതരിപ്പിച്ചു. യോഗ ശേഷം കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി. മെമ്പര്‍മാര്‍ക്ക് വാര്‍ഷിക സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. അടുത്ത വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.