കോഴിക്കോട്: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യസ കേന്ദ്രങ്ങളുടെ മികവ് പരിശോധിച്ച് ഗ്രേഡ് നല്‍കുന്ന നാക് (നാഷണല്‍ അസ്സന്മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍) ഫാറൂഖ് കോളേജ് ക്യാമ്പസിലെ പ്രഥമ സ്ഥാപനമായ റൗസത്തുല്‍ ഉലൂം അറബിക് കോളേജില്‍ 16, 17 തിയതികളില്‍ സന്ദര്‍ശനം നടത്തുമെന്ന് കോളേജ് മാനേജര്‍ എന്‍.കെ മുഹമ്മദലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1942ല്‍ സ്ഥാപിതമായ ദക്ഷിണേന്ത്യയിലെ അറബി വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരത്തില്‍ നില്‍ക്കുന്ന ആര്‍.യു.എ കോളേജ്, നാക് പരിശോധനയ്ക്ക് ആദ്യമായണ് വിധേയമാകുന്നത്.
ഗ്രേഡിങ്ങിന്റെ 70 ശതമാനം ഉള്‍ക്കൊള്ളുന്ന വിശദമായ സെല്‍ഫ് സ്റ്റഡി റിപ്പോര്‍ട്ട് (എ.എസ്.ആര്‍) കോളേജ് ഇന്റേണല്‍ ക്വാളിറ്റ് അഷ്വറന്‍സ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ നേരത്തെ നാകിന് സമര്‍പ്പിച്ചിരുന്നു. ബാക്കി വരുന്ന 30 ശതമാനം മാര്‍ക്കിനുള്ള രേഖകളും സൗകര്യങ്ങളുമാണ് യു.ജി.സി നിര്‍ദേശിക്കുന്ന മൂന്നംഗ പിയര്‍ ടീം സംഘം പരിശോധിക്കുന്നത്. സ്ഥാപനത്തെ മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തുവാനുള്ള പരിശ്രമങ്ങള്‍ മാനേജ്‌മെന്റ്, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, അനധ്യാപകര്‍, രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് നടന്നുവരുന്നത്. അടിസ്ഥാന സൗകര്യ വികസനമടക്കമുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു.
അറബിക്, കൊമേഴ്‌സ് പഠന വിഭാഗങ്ങള്‍ക്ക് പുറമേ കോളേജില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന എന്‍.എസ്.എസ്, ഭൂമിത്രസേന, ഇ.ഡി ക്ലബ്, ലാംഗ്വേജ് ഡെവലപ്‌മെന്റ് ക്ലബ്, റയ്യാന്‍, സുല്‍വാന്‍, ബല്‍സം, കരിയര്‍ ഗൈഡന്‍സ് ആന്റ് പ്ലേസ്‌മെന്റ് സെല്‍, സ്‌കില്‍ ഡെവലപ്‌മെന്റെ് സെല്‍ മുതലായ വ്യത്യസ്ത വിഭാഗങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ അവയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടും അനുബന്ധ രേഖകളും സംഘത്തിന് മുന്നില്‍ സമര്‍പ്പിക്കും.
20000ല്‍ പരം പുസ്തകങ്ങളും അനുബന്ധ അമൂല്യ ശേഖരങ്ങളുടെ ആധുനിക ലൈബ്രറി, ഡിജിറ്റല്‍ ലൈബ്രറി, അംഗപരിമിതര്‍ക്കും കാഴ്ചപരിമിതിയുള്ളവര്‍ക്കും ഉപയോഗിക്കാവുന്ന തരത്തില്‍ സജ്ജമാക്കിയ ഇന്‍സൈറ്റ് കോര്‍ണര്‍, ഭൂമിത്രസേന ക്ലബ് വിദ്യാര്‍ഥികള്‍ നിര്‍മിച്ചെടുത്ത അക്വാപോണിക്‌സ്, ഹൈഡ്രോ പോണിക്‌സ്, വിദ്യാര്‍ഥികളുടെ കരവിരുതുകള്‍ സമന്വയിപ്പിച്ച എക്‌സിബിഷന്‍ തുടങ്ങിയവയാണ് സന്ദര്‍ശനവേളയിലെ പ്രധാന ആകര്‍ഷണങ്ങള്‍. ക്യാമ്പസിന്റെ ശില്‍പി ‘മൗലാന അബുസ്സബാഹ് മ്യൂസിയവും’ നാക് സംഘര്‍ഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
16ന് രാവിലെ പ്രിന്‍സിപ്പാള്‍ പ്രസന്റേഷനോടെ ആരംഭിക്കുന്ന നാക് പിയര്‍ ടീം സന്ദര്‍ശനം 17ന് വൈകീട്ട് സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ. ഷഹദ് ബിന്‍ അലി, സെക്രട്ടറി എസ്.മുഹമ്മദ് യൂനുസ്, ഐ.ക്യു.എ.സി കോ-ഓര്‍ഡിനേറ്റര്‍ ഡോ.ജംശീര്‍ പി.കെ എന്നിവര്‍ സംബന്ധിച്ചു.