കോഴിക്കോട്: ജനാധിപത്യത്തെ സംസ്‌കാരമാക്കി മാറ്റുകയും പ്രധാനമന്ത്രിയായിരുന്ന കാലത്ത് പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ മുഖവിലക്കെടുക്കുകയും ചെയ്ത ഭരണാധികാരിയായിരുന്നുവെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം എം. ലിജു പറഞ്ഞു.
രണ്ടാഴ്ചയിലൊരിക്കല്‍ അദ്ദേഹം മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതുമായിരുന്നു. സോഷ്യലിസവും മതേതരത്വവും ഭരണഘടനയില്‍ കൊണ്ടുവരാന്‍ അദ്ദേഹം മുന്‍കൈയെടുത്തു. സ്വാതന്ത്ര്യസമരസേനാനി, എഴുത്തുകാരന്‍, ദാര്‍ശനികന്‍, അന്തര്‍ദേശീയ പൗരന്‍, ഭരണാധികാരി, രാഷ്ട്രശില്‍പ്പി എന്നീ രംഗങ്ങളിലെല്ലാം അദ്ദേഹം തിളങ്ങി.
പഞ്ചവല്‍സര പദ്ധതികളും ദേശീയ ആസൂത്രണകമ്മീഷനും, എല്‍.ഐ.സിയും ഐ.ഐ.ടിയും അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങളും കൊണ്ടുവന്നത് അദ്ദേഹമാണ്. ഹിന്ദുത്വവാദികള്‍ക്ക് ദേശീയത മതാത്മകതയാണ്. വാട്‌സാപ്പ് യൂണിവേഴ്‌സിറ്റികളിലൂടെ സംഘപരിവാര്‍ കുപ്രചരണം നടത്തുകയാണ്. ജിന്നക്ക് മുമ്പ് ദ്വിരാഷ്ട്രവാദം ഉന്നയിച്ചത് ഹിന്ദുമഹാസഭയും സവര്‍ക്കറുമായിരുന്നു. ക്വിറ്റ് ഇന്ത്യാ സമരകാലത്തടക്കം ഏതാണ്ട് 10 വര്‍ഷക്കാലം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജയിലില്‍ കിടന്ന നേതാവാണ് നെഹ്‌റു.
വിമര്‍ശനം ആഗ്രഹിച്ചിരുന്ന ഭരണാധികാരിയായിരുന്നു നെഹ്‌റു. പ്രമുഖ പത്രത്തില്‍ പേര് മാറ്റി നെഹ്‌റു തന്നെ വിമര്‍ശിച്ച് ലേഖനമെഴുതിയിട്ടുണ്ട്. ഇന്ന് വിമര്‍ശനം ഇഷ്ടപ്പെടാതിരിക്കുകയും എതിരഭിപ്രായം പറയുന്നവരെ നിശബ്ദമാക്കുകയും ജയിലലടക്കുകയും ചെയ്യുന്ന ഭരണാധികാരികള്‍ നെഹ്‌റുവില്‍ നിന്ന് പഠിക്കണമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്കാദമി ചെയര്‍മാന്‍ വി.അബ്ദുള്‍റസാക്ക് അധ്യക്ഷത വഹിച്ചു. ബീന പൂവത്തില്‍, ഡോ: പി. സുരേഷ്, പി.എം അബ്ദുറഹിമാന്‍, ഡോ: പി. ശ്രീമാനുണ്ണി, പി. പ്രദീപ് കുമാര്‍, എം. വാസന്തി എന്നിവരും സംസാരിച്ചു.