കോഴിക്കോട്: ജവഹര്‍ലാല്‍ നെഹ്‌റു ഏറ്റവും വലിയ ജനാധിപത്യവാദിയായിരുന്നെന്നും വിയോജിപ്പിന്റെ ശബ്ദങ്ങളെ അദ്ദേഹം പരിഗണിച്ചിരുന്നെന്നും എം.കെ രാഘവന്‍ എം.പി പറഞ്ഞു. നെഹ്‌റു ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യ ഏകാധിപത്യ രാജ്യമാകുമായിരുന്നു. ഭരണഘടനാ നിര്‍മാണത്തില്‍ വലിയ പങ്കാണ് അദ്ദേഹം നിര്‍വഹിച്ചത്. മോദി സര്‍ക്കാര്‍ ജനാധിപത്യവും മതേതരത്വവും തകര്‍ക്കുമ്പോള്‍ നെഹ്‌റുവിന്റെ ദര്‍ശനങ്ങള്‍ പോരാട്ടത്തിന് കരുത്ത് പകരുമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. പി.എം നിയാസ്, കെ.രാമചന്ദ്രന്‍ മാസ്റ്റര്‍, പി. മൊയ്തീന്‍ മാസ്റ്റര്‍, ഗൗരി പുതിയോത്ത്, കെ.പി ബാബു, അഡ്വ. എം. രാജന്‍, ആര്‍.ഷെഹില്‍, ഷെറില്‍ ബാബു, എം.കെ ബീരാന്‍, രാജേഷ് കീഴരിയൂര്‍, സമീജ് പാറോപ്പടി പ്രസംഗിച്ചു. എന്‍.വി ബാബുരാജ് സ്വാഗതവും ചോലക്കല്‍ രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.