കോഴിക്കോട്: സ്വാതന്ത്ര്യത്തിന് വേണ്ടി 10 വര്‍ഷക്കാലം ജയില്‍വാസമനുഷ്ഠിക്കുകയും നവഭാരതം കെട്ടിപ്പടുക്കുകയും ചെയ്ത ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഇല്ലാതാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമം വിജയിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. രാജ്യം കാറും കോളും നിറഞ്ഞ ഘട്ടത്തില്‍ സുരക്ഷിതമായി 17 വര്‍ഷക്കാലം ഇന്ത്യയെ നയിച്ച കപ്പിത്താനായിരുന്നു പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു. ആധുനിക ഇന്ത്യയുടെ അടിത്തറ പാകിയ നേതാവാണദ്ദേഹം. ഭരണഘടനാ നിര്‍മാണ സമിതിയില്‍ അംഗമായ അദ്ദേഹം പറഞ്ഞത് ‘യാത്ര ക്ലേശകരമാണെങ്കിലും വെല്ലുവിളികളെ അതിജീവിക്കണമെന്നായിരുന്നു’. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സോഷ്യല്‍ മീഡിയ ടീം സംഘടിപ്പിച്ച ‘നെഹ്‌റുവിയന്‍ ചിന്തകളുടെ കാലിക പ്രസക്തി’ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെഹ്‌റുവാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉണ്ടാക്കിയത്. ഫാസിസം എന്ന പദം ഇന്ത്യന്‍ ജനതക്ക് പരിചയപ്പെടുത്തിയ നേതാവാണ് നെഹ്‌റു.
അദ്ദേഹത്തിന്റെ പത്‌നി കമല രോഗബാധിതയായി റോമില്‍ ചികിത്സയിലിരിക്കുമ്പോള്‍ ലോകം വിറപ്പിച്ച മുസോളിനി അദ്ദേഹത്തെ കാണാന്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ കാണാന്‍ കൂട്ടാക്കാതെ വെല്ലുവിളിച്ച നേതാവായിരുന്നു നെഹ്‌റു. ഇന്ത്യക്ക് 21ാം നൂറ്റാണ്ടിലേക്കുള്ള പുരോഗമനാശയങ്ങള്‍ പകരുകയും സാമ്രാജ്യത്വ വിരുദ്ധമായ സാര്‍വ്വലൗകികമായ വീക്ഷണം, ചേരിചേരാനയം, സമാധാനപരമായ സഹവര്‍ത്തിത്വം ഇതെല്ലാം അദ്ദേഹത്തിന്റെ സംഭാവനകളാണ്. നെഹ്‌റു മാര്‍ക്‌സിസം പഠിച്ചിട്ടുണ്ട്. രാഷ്ട്രമെന്നത്
കൊഴിഞ്ഞുപോകുന്ന മാര്‍ക്‌സിയന്‍ സങ്കല്‍പം അദ്ദേഹം അംഗീകരിച്ചില്ല. സ്റ്റാലിന്റെ ക്രൂര കൃത്യങ്ങള്‍ അദ്ദേഹത്തിന്റെ മനസിനെ വിഹ്വലമാക്കി. അക്രമമില്ലാത്ത കമ്മ്യൂണിസത്തെ അദ്ദേഹം സ്വാഗതം ചെയ്തു. അതുകൊണ്ടാണ് ചിലര്‍ അദ്ദേഹത്തെ ആദ്യത്തെ ഗാന്ധിയന്‍ മാര്‍ക്‌സിസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. യുവജനങ്ങളോടുള്ള അദ്ദേഹത്തിന്റെ ആഹ്വാനം എന്നും പ്രസക്തമാണ്. വിചാരത്തില്‍ വിപ്ലവകാരികളാകാനും, യുക്തിക്കും സത്യത്തിനും നിരക്കാത്തത് വിശ്വസിക്കരുതെന്നും വിമര്‍ശന ബുദ്ധിയോടെ കാര്യങ്ങള്‍ നോക്കി കാണണമെന്ന വീക്ഷണമുണ്ടായാല്‍ വ്യക്തിപൂജകള്‍ ഇല്ലാതാവും. നെഹ്‌റുവിന്‍ ആശയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നാം സജ്ജരാകണം.
നെഹ്‌റു സ്ഥാപിച്ച പൊതുമേഖലാ കമ്പനികള്‍ (പഞ്ചരത്‌ന കമ്പനികള്‍) മോദി വില്‍ക്കുകയാണ്. മോദി അധികാരത്തില്‍ വരുമ്പോള്‍ ഗുജറാത്തിലെ ഒരു കച്ചവടക്കാരനായിരുന്ന അദാനി, ഇന്ന് ലോകത്തിലെ മൂന്ന് കോടീശ്വരന്‍മാരില്‍ ഒരാളാണ്. നരേന്ദ്രമോദി കോടീശ്വരന്മാരെ സൃഷ്ടിക്കുന്ന തിരക്കിലാണെന്നദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷത്തെ അങ്ങേയറ്റം ബഹുമാനിക്കുകയും മാധ്യമസ്വാതന്ത്ര്യത്തിന് ഭരണഘടനപോലും ഭേദഗതി ചെയ്യുകയുണ്ടായി നെഹ്‌റുവിന്റെ കാലത്ത്. മാധ്യമസ്വാതന്ത്ര്യത്തില്‍ ലോകത്ത്
130ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ഡല്‍ഹിയിലെ നെഹ്‌റുവിന്റെ പേരിലുള്ള മ്യൂസിയം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. നരേന്ദ്രമോദിക്ക് നെഹ്‌റുവിനെ അറിയില്ല. മാനവരാശിയെ ഒന്നായി കാണണമെന്നാഗ്രഹിച്ച മഹാനായ നേതാവായിരുന്നു നെഹ്‌റുവെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ നാരായണന്‍, എ. സജീവന്‍, രമേഷ് അച്ചാരുപറമ്പത്ത് സംസാരിച്ചു. ഇക്ബാല്‍ പൊക്കുന്ന് വിഷയമവതരിപ്പിച്ചു.