‘ഇതര സംസ്ഥാന മണ്ണുമാന്തി യന്ത്രങ്ങളുടെ കടന്നുകയറ്റം നിരോധിക്കണം’

‘ഇതര സംസ്ഥാന മണ്ണുമാന്തി യന്ത്രങ്ങളുടെ കടന്നുകയറ്റം നിരോധിക്കണം’

കോഴിക്കോട്: നിര്‍മാണ-കാര്‍ഷിക മേഖലയ്ക്ക് ആവശ്യമായ ആധുനിക യന്ത്രോപകരണങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന മെഷിനറി ഉടമകളുടെ തൊഴില്‍ പ്രതിനന്ധിയിലാക്കുന്ന ഇതര സംസ്ഥാന മണ്ണുമാന്തി യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള മെഷിനറികളുടെ പ്രവര്‍ത്തനം നിരോധിക്കണമെന്ന് കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ് ഓണേഴ്‌സ് അസോസിയേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഒരു വാഹനം മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചരക്ക്-സേവന നികുതി ഇനത്തില്‍ 4,93000 രൂപയും ടി.സി.എസ് റോഡ് ടാക്‌സ് ഇനത്തില്‍ 2,86000 രൂപയും ഉള്‍പ്പെടെ 780,000 രൂപ സംസ്ഥാന ഖജനാവിന് നഷ്ടം വരുന്നുണ്ടെന്ന് രേഖാമൂലം അധികാരികളെ ബോധ്യപ്പെടുത്തിയിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാതെ അത്തരം വാഹനങ്ങളെ റോഡ് ടാക്‌സ് നിയമങ്ങളിലെ പഴുതുകള്‍ ഉപയോഗിച്ച് പതിനായിരത്തില്‍ താഴെ രൂപ മാത്രം പ്രവേശന നികുതി ഈടാക്കി ചെക്‌പോസ്റ്റ് കടത്തിവിടുന്ന സമീപനമാണ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

കേരളത്തില്‍ പ്രവേശിച്ച് വാഹനങ്ങള്‍ നമ്പര്‍ പ്ലേറ്റ് മറച്ചുവച്ചും ഇരട്ട നമ്പര്‍ പതിച്ചും യഥേഷ്ടം പ്രവര്‍ത്തിക്കുകയാണ്. ഇത്തരം തട്ടിപ്പുകള്‍ നടത്തി ടാക്‌സ് വെട്ടിച്ച് കേരളത്തിലേക്ക് കൊണ്ടുവന്ന ജെസിബികള്‍ കേരള രജിസ്‌ട്രേഷന്‍ ജെസിബികളുടെ വ്യാജ നമ്പര്‍ പതിച്ച് മൂന്ന് സ്ഥലങ്ങളില്‍ പിടിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഒരു വാഹനം താമരശ്ശേരി താലൂക്കിലുണ്ട്. നവംബര്‍ ഒമ്പതിന് മുക്കത്ത് നിന്നും ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് ചെക്ക് ചെയ്ത ഇതര സംസ്ഥാന വാഹനത്തിന്റെ രേഖകള്‍ സിസ്റ്റത്തില്‍ അപ്‌ഡേറ്റ് ചെയ്ത് ആര്‍.ടി.ഒ തന്നെ വാഹനങ്ങള്‍ വിട്ടുനല്‍കുകയും ചെയ്തു. ഇത് ഉദ്യോഗസ്ഥ-മാഫിയ ബന്ധത്തിന്റെ പ്രത്യക്ഷ തെളിവാണ്. പതിനായിരത്തോളം ഉടമകളും അമ്പതിനായിരത്തില്‍ പരം ഓപ്പറേറ്റര്‍മാരും നേരിട്ട് തൊഴില്‍ ചെയ്യുന്ന കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ്‌സ് മേഖലക്ക് സംരക്ഷണം നല്‍കണമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സി.ഇ.ഒ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി സമീര്‍ ബാബു, ജില്ലാ പ്രസിഡന്റ് ശിഹാബ് വി.പി.എം, ജില്ലാ സെക്രട്ടറി സനല്‍കുമാര്‍ പി.കെ, ട്രഷറര്‍ രാജേഷ് മാത്യു, സ്റ്റേറ് കമ്മിറ്റി മെമ്പര്‍ വിന്‍സ് മാത്യു എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *