തിരുവനന്തപുരം: ആര്‍.എസ്.എസ് അനുകൂല പരാമര്‍ശത്തില്‍ കെ.സുധാകരന്റെ ഖേദപ്രകടനം കൊണ്ട് മാത്രം കാര്യമില്ലെന്നും അത് തിരുത്തണമെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. കെ.പി.സി.സി പ്രസിഡന്റ് എന്നാല്‍ പാര്‍ട്ടിയുടെ ശബ്ദമാണ് അതിനാല്‍ ലീഗ് അടക്കമുള്ള ഘടക കക്ഷികളെ വിശ്വാസത്തില്‍ എടുത്തുള്ള തിരുത്തല്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസ് അനുകൂല പ്രസ്താവനകള്‍ അനുചിതമാണ്.
അതേ സമയം, കെ. സുധാകരന്റെ ഇത്തരം പരാമര്‍ശങ്ങള്‍ ഗൗരവതരമാണെന്നും പാര്‍ട്ടി പരിശോധിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. പ്രാദേശിക തലങ്ങളില്‍ പോലും സുധാകരന്റെ പ്രസ്താവനക്കെതിരെ കടുത്ത അമര്‍ഷം ഉയരുകയാണ്. നാക്കുപിഴയെന്ന് ന്യായീകരിക്കാന്‍ സുധാകരന്‍ ശ്രമിച്ചെങ്കിലും ലീഗടക്കമുള്ള ഘടകകക്ഷികള്‍ കടുത്ത പ്രതിഷേധത്തിലാണ്.
അടിക്കടി സുധാകരന്‍ നടത്തുന്ന പ്രസ്താവനകളില്‍ കടുത്ത അതൃപ്തിയാണ് കോണ്‍ഗ്രസിലുയരുന്നത്. സി.പി.എമ്മിനും ബി.ജെ.പിക്കും ഒരു പോലെ വടികൊടുത്തുവെന്ന പൊതുവികാരമാണ് പാര്‍ട്ടിയിലുള്ളത്. മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന നിലപാടുകള്‍ കോണ്‍ഗ്രസിലുണ്ടാകില്ലെന്ന് വ്യക്തമാക്കിയ സതീശന്‍, സുധാകരന്റെ പരാര്‍മശത്തെ ഗൗരവതരമായാണ് പാര്‍ട്ടി കാണുന്നതെന്നും അറിയിച്ചു. കെ.പി.സി.സി അധ്യക്ഷന്റെ ഭാഗത്തുനിന്ന് തുടര്‍ച്ചയായി ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകുന്നുവെന്ന പരാതി ലഭിച്ചിട്ടുണ്ട്. അത് ഗൗരവതരമായെടുത്ത് കോണ്‍ഗ്രസ് പരിശോധിക്കുമെന്നും സതീശന്‍ വ്യക്തമാക്കി.