മാഹി: വ്യാജ രജിസ്‌ട്രേഷനിലൂടെ വാഹന വില്‍പന നടത്തിയവര്‍ നാലു വര്‍ഷത്തിനു ശേഷം പോലിസ് പിടിയിലായി. ആഷ് മുഹമ്മദ് എന്ന ബാബുഖാന്‍, കിഷോര്‍ കുമാര്‍ എന്ന അംഗിള്‍ജി എന്നിവരെ മാഹി പോലീസ് ഡല്‍ഹിയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. 2018ല്‍ ചെമ്പ്രയിലെ പ്രദീപന്‍ പളളൂര്‍ പോലിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കോട്ടയം സ്വദേശി ലിനീഷ് ജയിംസ് എന്നയാള്‍ മുഖാന്തരമാണ് DL – 15 J- 7870 എന്ന നമ്പറിലുള്ള ബൈക്ക് വാങ്ങിയത്. റീറജിസ്‌ട്രേഷനായി മാഹി ട്രാന്‍സ്‌പോര്‍ട്ട് വകുപ്പില്‍ അപേക്ഷിച്ചപ്പോഴാണ് വ്യാജ നമ്പറിലുള്ള വണ്ടിയാണെന്ന് തെളിഞ്ഞത്. വിദേശത്തായിരുന്ന ലിനീഷിനെ കൊച്ചിന്‍ എയര്‍പോര്‍ട്ടില്‍ വെച്ച് കഴിഞ്ഞ വര്‍ഷം പിടിച്ചതോടെയാണ് ഡല്‍ഹി കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്ന് തെളിഞ്ഞത്. ചോദ്യം ചെയ്യലില്‍ നിന്നും ഡല്‍ഹി കരോള്‍ബാഗിലെ ബാബുഖാന്‍ വഴിയാണ് 68000 രൂപയ്ക്ക് കമ്മിഷന്‍ വ്യവസ്ഥയില്‍ വാഹനം വാങ്ങിയതെന്ന് കണ്ടെത്തി.
മാഹി സി.ഐ എ.ശേഖര്‍, എ.എസ്.ഐമാരായ കിഷോര്‍ കുമാര്‍, എം.സുനില്‍കുമാര്‍, പ്രസാദ്.പി.വി, ഹെഡ് കോണ്‍സ്റ്റബിള്‍ വിനീഷ് കുമാര്‍, പോലിസ് കോണ്‍സ്റ്റബിള്‍ ശ്രീജേഷ് എന്നിവരടങ്ങിയ മാഹി പോലീസിന്റെ സ്‌പെഷല്‍ ഇന്‍വെസ്റ്റികേഷന്‍ ടീം അന്വേഷണം ഡല്‍ഹി കേന്ദ്രീകരിച്ച് നടത്തിയതോടെയാണ് പ്രതികളായ ആഷ് മുഹമ്മദ് , കിഷോര്‍ കുമാര്‍ എന്നിവരെ മാഹി പോലീസ് ഡല്‍ഹിയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. സ്‌ക്രാപ്പ്‌ഷോപ്പില്‍ നിന്നുമാണ് ഇവര്‍ വാഹനങ്ങള്‍ വാങ്ങി വ്യാജ നമ്പറില്‍ വില്‍പ്പന നടത്തുന്നത്. ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയതിനു ശേഷമാണ് മാഹിയിലെത്തിച്ചത്. പ്രതികളെ മാഹി കോടതി റിമാന്റ് ചെയ്തതായി മാഹി എസ്.പി.രാജശങ്കര്‍ വെളളാട്ട് അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സി.ഐ എ.ശേഖര്‍, എസ്.ഐ കെ.സി അജയകുമാര്‍ സംബന്ധിച്ചു.