കൊച്ചി: കൊച്ചിയില്‍ ബലാത്സംഗക്കേസില്‍ കേസില്‍ പോലിസ് തന്നെ പ്രതിയായതിനെതിരെ രൂക്ഷവിമര്‍ശനവുമായി പി.കെ. ശ്രീമതി. വേലി തന്നെ വിളവു തിന്നുന്നോ എന്ന് ചോദിച്ചാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. കേസില്‍ അറസ്റ്റിലായ മുന്‍ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ആര്‍.സുനു സ്ഥിരം കുറ്റവാളിയെന്നും പി.കെ. ശ്രീമതിയുടെ ് പോസ്റ്റിലുണ്ട്. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെയാണ് സി.പി.എം കേന്ദ്ര അംഗം പോലിസിനെതിരേ രംഗത്ത് എത്തിയിരിക്കുന്നത്.
അതേസമയം, കൂട്ടബലാത്സംഗ കേസില്‍ കോഴിക്കോട് കോസ്റ്റല്‍ സി.ഐ പി.ആര്‍ സുനുവിനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. വീട്ടമ്മയുടെ പരാതിയിലാണ് തൃക്കാക്കര പോലിസ് സുനുവിനെ കസ്റ്റഡിയിലെടുത്തത്. ചിലപ്പോള്‍ ഇന്ന് അറസ്റ്റ് ചെയ്തേക്കും. കഴിഞ്ഞ ദിവസം തൃക്കാക്കര പോലിസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ സുനുവിനെ ചോദ്യം ചെയ്തിരുന്നു. തൊഴില്‍ തട്ടിപ്പില്‍ ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ രക്ഷിക്കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചുവെന്നാണ് പരാതി. ഭര്‍ത്താവിനെ പുറത്തിറക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്ന് പരാതിയില്‍ പറയുന്നു. വീട്ടമ്മയുടെ മൊഴി പോലിസ് രേഖപ്പെടുത്തി. സി.ഐക്ക് പുറമെ വീട്ടുജോലിക്കാരി, യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത്, ക്ഷേത്രം ജീവനക്കാരന്‍ ഉള്‍പ്പെടെയുള്ളവരാണ് കേസിലെ മറ്റു പ്രതികള്‍ പ്രതികള്‍.
പി.ആര്‍. സുനു നേരത്തെയും ബലാത്സംഗക്കേസില്‍ പ്രതിയാണ് . എറണാകുളം മുളവുകാട് സ്റ്റേഷനില്‍ ജോലി ചെയ്യവേ പരാതിയുമായെത്തിയ യുവതിയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്. സെന്‍ട്രല്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതി ജാമ്യം തള്ളിയതോടെ സുനുവിനെ അറസ്റ്റ് ചെയ്തു. സുനുവിനെതിരേ അന്ന് വകുപ്പുതല നടപടിയും സ്വീകരിച്ചിരുന്നു. ഇതിന് ശേഷമാണ് കോഴിക്കോട് കോസ്റ്റല്‍ പോലിസിന്റെ ചുമതല നല്‍കിയത്. ഇത് കൂടാതെയും ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കെതിരേയുണ്ട്. വകുപ്പുതലത്തില്‍ നിരവധി തവണ നടപടിയും കൈക്കൊണ്ടിരുന്നു. എന്നാല്‍ ഇത്രയേറെ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥനാണ് നിയമപാലനത്തിന് സ്റ്റേഷന്‍ ചുമതല നല്‍കിയത്.