വി.കെ രവീന്ദ്രന്‍: വാര്‍ത്തകളുടെ മര്‍മമറിഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍

വി.കെ രവീന്ദ്രന്‍: വാര്‍ത്തകളുടെ മര്‍മമറിഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍

ചാലക്കര പുരുഷു

തലശ്ശേരി: വാര്‍ത്തകളുടെ മര്‍മമറിഞ്ഞ മാധ്യമ പ്രവര്‍ത്തകനെയാണ് വി.കെ രവീന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായത്. വിനയവും ലാളിത്യവും മുഖമുദ്രയാക്കിയ പത്രപ്രവര്‍ത്തകന്റെ തൂലികയുടെ മൂര്‍ച്ഛ അനുഭവിച്ചവര്‍ ഏറെയാണ്. പ്രയാസങ്ങള്‍ അനുഭവിക്കുന്നവരുടേയും അനീതിക്ക് ഇരയാവുന്നവരുടേയും നാവായി മാറാന്‍ ഇദ്ദേഹത്തിന്റെ തൂലികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. തലശ്ശേരിയില്‍ പടയണിയുടെ തുടക്കം മുതല്‍ അതിന്റെ ഭാഗമായിരുന്ന രവീന്ദ്രന്‍. അച്ചടി വിഭാഗത്തിലാണ് തുടക്കം കുറിച്ചത്. പിന്നീട് മാര്‍ക്കറ്റിങ്ങ് വിഭാഗത്തിലേക്ക് മാറിയ രവീന്ദ്രന്റെ പ്രവര്‍ത്തന മികവും വാര്‍ത്തകളോടുള്ള സമീപനവും കണക്കിലെടുത്ത് വാര്‍ത്താ വിഭാഗത്തില്‍ ചുമതല നല്‍കി. തലശ്ശേരി ലേഖകന്‍ എന്ന നിലയില്‍ തലശ്ശേരിയുടെ സര്‍വതല സ്പര്‍ശിയായ വാര്‍ത്തകള്‍ പടയണിയിലൂടെ അദ്ദേഹം വായനക്കാര്‍ക്ക് മുന്‍പില്‍ എത്തിച്ചു. തലശ്ശേരിയുടെ രാഷ്ടീയ-സാമൂഹ്യ- കലാ-കായിക മേഖലയിലുള്ളവര്‍ക്കെല്ലാം പ്രിയപ്പെട്ട സുഹൃത്തായിരുന്നു രവീന്ദ്രന്‍. തലശ്ശേരിയുടെ വികസനലക്ഷ്യം മുന്‍നിര്‍ത്തി അദ്ദേഹം എഴുതിയ നിരവധി വാര്‍ത്തകള്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. വിപുലമായ സൗഹൃദം എല്ലാ മേഖലകളിലും കെട്ടിപ്പടുക്കാന്‍ കഴിഞ്ഞ രവീന്ദ്രന്‍ അവസാനം വരെയും എല്ലാവരുമായി ആ സൗഹൃദം കാത്തു സൂക്ഷിച്ചു. മാധ്യമ പ്രവര്‍ത്തകനെന്ന അംഗീകാരത്തോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ പത്രപ്രവര്‍ത്തക പെന്‍ഷനും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

തലശ്ശേരിയിലെ നാല്‍ക്കവലകളില്‍, മാടിക്കെട്ടിയ മുണ്ടും, ഇസ്തിരിയിട്ട ഷര്‍ട്ടും, മായാത്ത പുഞ്ചിരിയുമായി ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് വഴിമാറി നില്‍ക്കുന്ന രവിയേട്ടനെ കാണാതെ, ഒരു മണിക്കൂറെങ്കിലും നഗരത്തില്‍ ചിലവഴിക്കുന്ന ഒരാള്‍ക്ക് കടന്നു പോകാനാവുമായിരുന്നില്ല. സഞ്ചരിക്കുന്ന ഒരു സമസ്ത വാര്‍ത്താ കേന്ദ്രമായിരുന്നു ഈ മനുഷ്യന്‍. തന്റെ ജീവിത നിയോഗം വാര്‍ത്താലോകമായിരുന്നുവെന്ന് നന്നെ ചെറുപ്പത്തില്‍ തന്നെ തിരിച്ചറിഞ്ഞ മനുഷ്യനായിരുന്നു വി.കെ.രവീന്ദ്രന്‍. സ്വന്തം പേരിനൊപ്പം തന്റെ മാധ്യമത്തിന്റെ പേര് കൂടി വായനക്കാരിലൂടെ എഴുതിച്ചേര്‍ക്കാന്‍ സാധിച്ച ആത്മസമര്‍പ്പണമായി ഈ ലേഖകന്‍ വളരുകയായിരുന്നു. പത്രാധിപന്‍മാരായ പി.ആര്‍.കുറുപ്പ് , കുഞ്ഞിരാമക്കുറുപ്പ് തൊട്ട് കെ.പി മോഹനന്‍ എം.എല്‍.എ വരെയുള്ള സാരഥികളുമായി ആത്മബന്ധം പുലര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. മുപ്പതിലേറെ വരുന്ന പ്രിന്റിങ്ങ് സെക്ഷനിലെ ജീവനക്കാര്‍ ഒ.കെ തൂണേരി , വി.കെ.രവീന്ദ്രന്‍, വേങ്ങാട് ഭാസ്‌ക്കരന്‍ പോലുള്ള ടൗണിലെ ലേഖകര്‍, ശ്രീധരന്‍ ചമ്പാട്, ചമ്പാടന്‍ വിജയന്‍ , രാജു കാട്ടുപുനം തുടങ്ങിയവരുടെ നിത്യസാന്നിദ്ധ്യം, ഭാസ്‌ക്കരേട്ടന്‍ തൊട്ട് വി.മോഹനിലെത്തി നില്‍ക്കുന്ന നിത്യനിര്‍വഹണ സംവിധാനം, പടയണിയുടെ സുവര്‍ണ്ണ കാലഘട്ടത്തിലെ തിളക്കമാര്‍ന്ന താരകമായിരുന്നു വാര്‍ത്താലോകത്തിന് ജീവിതം സമര്‍പ്പിച്ച ‘പടയണി രവിയേട്ടന്‍.’ ഒരു മാതൃകാ പത്രപ്രവര്‍ത്തകനെയാണ് തലശ്ശേരിക്ക് നഷ്ടമായത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *