- പോലിസ് അന്വേഷണത്തില്‍ വിശ്വാസമില്ല
സുല്‍ത്താന്‍ ബത്തേരി: വയനാട് അമ്പലവയല്‍ പോക്‌സോ കേസ് അതിജീവിതയെ എ.എസ്.ഐ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് അതിജീവിതയുടെ പിതാവ്. ഊട്ടിയില്‍ തെളിവെടുപ്പിനിടെ ഗ്രേഡ് എ.എസ്.ഐ ടി.ജി ബാബു പെണ്‍കുട്ടിയെ കയറി പിടിക്കാന്‍ ശ്രമിച്ചെന്നു പറഞ്ഞ പിതാവ് തെളിവെടുപ്പിന് കൊണ്ടുപോയ സമയത്ത് വാഹനത്തില്‍ വെച്ചായിരുന്നു അതിക്രമം എന്നു പറഞ്ഞു. സംഭവം പുറത്ത് പറയരുതെന്ന് ടി.ജി ബാബു കുട്ടിയോട് പറഞ്ഞെന്നും തെളിവെടുപ്പിന് കൊണ്ടുപോയ മറ്റ് ഉദ്യോഗസ്ഥരോട് കുട്ടി ഇതെല്ലാം തുറന്നു പറഞ്ഞിരുന്നുവെന്നും പിതാവ് പറയുന്നു. ഗ്രേഡ് എസ്.ഐക്കെതിരേ നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ പ്രതീക്ഷയില്ലെന്ന് പറയുന്ന പിതാവ് അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധമുണ്ടെന്നും മകള്‍ക്ക് നീതി കിട്ടണമെന്നും ആവശ്യപ്പെടുന്നു. പോലിസിനെ വിശ്വസിച്ചാണ് മകളെ തെളിവെടുപ്പിന് അവര്‍ക്കൊപ്പം അയച്ചതെന്നും തെളിവെടുപ്പിന്റെ പേരില്‍ കുട്ടിയെ ഊട്ടിയില്‍ കൊണ്ടുപോയി ക്രൂരത കാണിക്കരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേസ് എടുത്തതിന് പിന്നാലെ വയനാട്ടിലെ ഷെല്‍ട്ടര്‍ ഹോമിലായിരുന്ന പെണ്‍കുട്ടി അവിടെ തങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ ആണ് തെളിവെടുപ്പിനെ എ.എസ്.ഐ അപമര്യാദയായി പെരുമാറിയ കാര്യം തങ്ങളോട് വെളിപ്പെടുത്തിയത്. ഊട്ടിയിലെ തെളിവെടുപ്പിന് ശേഷം പോലിസ് സ്റ്റേഷനില്‍ നേരിട്ട് പോയി താന്‍ കാര്യങ്ങള്‍ തിരക്കി. മകള്‍ക്ക് പ്രശ്‌നമൊന്നുമില്ലെന്നാണ് അന്ന് പോലിസ് പറഞ്ഞതെന്നും പിതാവ് വെളിപ്പെടുത്തുന്നു. അതേ സമയം, എ.എസ്.ഐ ടി.ജി ബാബുവിന്റെ അറസ്റ്റ് ഉടനെയുണ്ടാകും എന്നാണ് പോലിസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പോക്‌സോയ്ക്ക് പുറമെ പട്ടികജാതി – പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരവും ഉദ്യോഗസ്ഥനെതിരേ കേസടുത്തിട്ടുണ്ട്. വയനാട്ടിലെ ഷെല്‍ട്ടര്‍ ഹോമില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് ഇതിനോടകം പ്രത്യേക കൗണ്‍സിലിങ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ 26 നാണ് കേസിന് ആസ്പദമായ സംഭവം. പോക്‌സോ കേസില്‍ ഇരയായ 16 കാരിയെ ഊട്ടിയില്‍ തെളിവെടുപ്പിന് കൊണ്ട് പോയ സമയത്താണ് അമ്പലവയല്‍ പോലീസിന്റെ അതിക്രമം. പെണ്‍കുട്ടി പീഡനത്തിനിരയായ ലോഡ്ജില്‍ വെച്ചായിരുന്നു തെളിവെടുപ്പ്. എസ്.ഐ സോബിന്‍, ഗ്രേഡ് എ.എസ്.ഐ ടി.ജി ബാബു, സിവില്‍ പോലിസ് ഓഫിസര്‍ പ്രജിഷയുമാണ് സംഘത്തിലുണ്ടായിരുന്നത്. തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഊട്ടിയില്‍ നിന്ന് മടങ്ങവേ നഗരത്തില്‍ വണ്ടി നിര്‍ത്തി. ഗ്രേഡ് എ.എസ്.ഐ ടി.ജി ബാബു പെണ്‍കുട്ടിയെ മാറ്റി നിര്‍ത്തി കയ്യില്‍ കയറി പിടിക്കുകയും മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഷെല്‍ട്ടര്‍ ഹോമിലെ കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി ദുരനുഭവം വെളിപ്പെടുത്തിയത്. തുടര്‍ന്ന് സി.ഡബ്ല്യു.സി ജില്ല പോലിസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി.
മാനന്തവാടി എസ്.എം.എസ് ഡിവൈ.എസ്.പിക്കാണ് കേസിന്റെ അന്വേഷണ ചുമതല. ഇക്കഴിഞ്ഞ ജൂലൈ 26ന് ഊട്ടിയില്‍ തെളിവെടുപ്പിന് കൊണ്ടുപോയ പട്ടികവര്‍ഗ വിഭാത്തില്‍പ്പട്ട പെണ്‍കുട്ടിയെ എ.എസ്.ഐ ഉപദ്രവിച്ചെന്നാണ് കേസ്. തെളിവെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എസ്.ഐ സോബിന്‍, സിവില്‍ പോലിസ് ഓഫിസര്‍ പ്രജിഷ എന്നിവര്‍ക്കെതിരെയും വകുപ്പുതല നടപടി ഉണ്ടാകും. അതിജീവിതയുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം കോടതിക്ക് മുന്‍പാകെ രേഖപ്പെടുത്തിയിരുന്നു.